Skip to main content

അന്താരാഷ്ട്ര എം.സ്.എം.ഇ ദിനാഘോഷം സംഘടിപ്പിച്ചു; സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞു- ജില്ലാ കളക്ടര്‍

സംരംഭക സൗഹൃദ ജില്ലയായി മാറാന്‍ മലപ്പുറത്തിന് കഴിഞ്ഞതായും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എക്കാലവും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുവാൻ താല്‍പര്യപ്പെട്ട് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സേവനങ്ങളും നൽകണമെന്നും സംരംഭങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ അറിവും സംരംഭകർക്ക് ലഭ്യമാകുന്നുണ്ടെന്ന കാര്യം വ്യവസായ കേന്ദ്രം ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സംഭാവനകളെ കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ദിനചാരണത്തിന്റെ ഭാഗമായി പി.എം.എഫ്.എം.ഇ (പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ വ്യവസായ ഉന്നമന പദ്ധതി) ബോധവൽക്കരണവും സംഘടിപ്പിച്ചു. സർക്കാരിന്റെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രകാരം അനുമതി ലഭിച്ച വണ്ടൂര്‍ കരിക്കാട് ദേവസ്വം ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ്, മമ്പാട് പി.കെ എന്റർപ്രൈസസ്, ക്ലാസി ഇന്‍ഡസ്ട്രിയൽ പാർക്ക് എന്നിവയ്ക്കുള്ള അനുമതി പത്രങ്ങൾ ചടങ്ങില്‍ വെച്ച് ജിലാ കളക്ടർ കൈമാറി. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു. മാനേജർ മുജീബ് റഹ്മാൻ പ്രസംഗിച്ചു.  ചടങ്ങിൽ സംരഭകരുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.

date