Skip to main content

പുതിയ റൂട്ട് അനുവദിച്ച ബസുകള്‍ക്ക് സമയം നല്‍കുന്നതില്‍ കാലതാമസം പാടില്ല: ജില്ലാ വികസന സമിതി

മലയോര മേഖലകളിലെ യാത്രാപ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യ പ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സമയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യനാണ് ഈ വിഷയം യോഗത്തില്‍ ഉന്നയിച്ചത്. മലയോര മേഖലയില്‍ പുതുതായി നിരവധി നല്ല റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാല്‍ പല സ്ഥലങ്ങളിലും ബസ്റൂട്ട് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുതിയ റൂട്ടുകളില്‍ ബസ് പെര്‍മിറ്റ് അനുവദിച്ച് മാസങ്ങളായിട്ടും ആര്‍ടിഒ ഓഫീസ് സമയം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. പുതിയ റൂട്ട് അനുവദിക്കുമ്പോള്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്‍ശയും സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ആര്‍ടിഒ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ബസ് സര്‍വ്വീസ് ഇല്ലാത്ത സ്ഥലങ്ങള്‍, രൂക്ഷമായ യാത്രാപ്രശ്നമുള്ളതായി തദ്ദേശസ്ഥാപനങ്ങളോ, ജനപ്രതിനിധികളോ നിര്‍ദേശിക്കുന്ന റൂട്ടുകള്‍ എന്നിങ്ങനെ പ്രത്യേക പരിഗണനയോടെ പെര്‍മിറ്റ് അനുവദിക്കുന്ന കേസുകളില്‍ സമയം അനുവദിക്കുന്നതില്‍ ഒരു വിധ കാലതാമസവും അംഗീകരിക്കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു.
കണ്ണൂര്‍ ഗവ. ഐടിഐയിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടു. കെട്ടികത്തിന്റെ പെയിന്റിങ്ങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഉദ്ഘാടന സജ്ജമായതായും ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു.
മലയോര ഹൈവേയുടെ ഭാഗമായുള്ള വെമ്പുവ, ചെന്തോട് താല്‍ക്കാലിക പാലങ്ങളുടെ മണ്ണെലിച്ചുപോയത് പ്രദേശത്ത് അപകട ഭീഷണി ഉണ്ടാക്കുന്നതായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. നടന്നുപോകാന്‍ കഴിയുന്ന വിധം കൈവരികളോടെ താല്‍ക്കാലിക പാലം ഉണ്ടാക്കുന്ന പ്രവൃത്തി ആരംഭിച്ചതായി കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. കേളകം, ഇരിട്ടി പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാനുള്ള സൗരോര്‍ജ വേലി നിര്‍മിക്കുന്നതിനുള്ള 11 പ്രവൃത്തിയില്‍ ഒന്ന് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയതായും 10 എണ്ണം റീ ടെണ്ടറിന് വെച്ചതായും ഡിഎഫ്ഒ അറിയിച്ചു. മഴക്കാലമായതോടെ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായതായി അഡ്വ. സണ്ണി ജോസഫും അഡ്വ. ബിനോയ് കുര്യനും പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കേണ്ടത് വനംവകുപ്പിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് കണ്ട് ആവശ്യമായ ഇടപെടല്‍ വകുപ്പ് നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ആറളം ഫാമിലേക്ക് പുഴയിലൂടെ ആനകള്‍ കയറുന്നത് തടയാന്‍ പുഴയുടെ വലതുകരയില്‍ 250 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ ഉയരത്തിലും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയുടെ സാങ്കേതികാനുമതി ആയതായി മേജര്‍ ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍, ഡിഎഫ്ഒ എന്നിവര്‍ അറിയിച്ചു. പുഴക്ക് കുറുകെ താല്‍ക്കാലിക തൂക്കുവേലി നിര്‍മിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.
ആറളം പുനരധിവാസ മേഖലയില്‍ ഭൂമി അനുവദിച്ചിട്ടും താമസിക്കാത്തവരുടെ കൈവശ രേഖ റദ്ദ് ചെയ്ത് അര്‍ഹരായ ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താന്‍ യോഗം നിര്‍ദേശിച്ചു. ഇതിന്റെ സര്‍വ്വെ നടപടികള്‍ നടന്നു വരുന്നതായും പുതിയ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വനം വകുപ്പിന് കീഴിലുള്ള പൈതല്‍മല, കഞ്ഞിരക്കൊല്ലി, കാപ്പിമല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവും പൊതു സൗകര്യങ്ങളും ഒരുക്കാന്‍ നടപടി വേണമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. പ്രവേശന ഫീസ് പിരിക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും വനം വകുപ്പിനെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ച് ഇക്കാര്യത്തില്‍ നടപടി സ്വകീരിക്കാന്‍ ഡിടിപിസിക്ക് യോഗം നിര്‍ദേശം നല്‍കി.
താവം, പാപ്പിനിശ്ശേരി പാലങ്ങളിലെ കുഴിയടക്കാന്‍ അടിയന്തര നടപടി വേണമെന്ന് എം വിജിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പാലം നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഇവ ഏറ്റെടുക്കാത്തത് അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് തടസ്സമാകുന്നതായും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക നടപടിയായി എത്രയും വേഗം ഈ പാലങ്ങളിലെ കുഴി അടക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. തലശ്ശേരി വളവ് പാറ കെഎസ്ടിപി റോഡിലും സമാന സ്ഥിതിയുള്ളതായി മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിതും ചൂണ്ടിക്കാട്ടി.
പഴശ്ശി ഇറിഗേഷന്റെ ഭൂമിയില്‍ മുണ്ടേരി പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ കൈയേറ്റമുള്ളതായി പരാതി ഉണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. എംപിമാരും എംഎല്‍എമാരും ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിന് ഗുണകരമായിരിക്കുമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date