Skip to main content

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

*വീട്ടിൽ ഡയാലിസിസ് ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസ് എല്ലാ ജില്ലകളിലും ലഭ്യമാക്കി

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് ഡയാലിസിസ് നൽകുക എന്നതാണ് മൊബൈൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയിൽ മാത്രം ചെയ്യാൻ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികൾക്ക് സ്വന്തമായി വീട്ടിൽ ചെയ്യാൻ സാധിക്കുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയൽ ഡയാലിസിസ് നിലവിൽ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികൾ പെരിറ്റോണിയൽ ഡയാലിസിസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്. ഇതിനായി വേണ്ടി വരുന്ന അധിക മാനവശേഷി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്. കാസ്പിൽ അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് (കെ.ബി.എഫ്) മുഖാന്തിരവും എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് നൽകി വരുന്നുണ്ട്. ആരോഗ്യ കേരളം 'പാലിയേറ്റീവ് കെയർ പ്രോജക്ട്' പദ്ധതി പ്രകാരം വൃക്ക രോഗികൾക്ക് വേണ്ട എറിത്രോപോയിറ്റിൻ ഇൻജെക്ഷൻ സൗജന്യമായി നൽകുന്നുണ്ട്.

ജനങ്ങളുടെ ജീവിത ശൈലിയിൽ വന്ന കാതലായ മാറ്റങ്ങൾക്കനുസൃതമായി ജീവിതശൈലീ രോഗങ്ങളും വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജുകൾക്ക് പുറമേ 36 ജില്ലാ, ജനറൽ ആശുപത്രികളിൽ 31 ഇടങ്ങളിലും 88 താലൂക്ക് തല ആശുപത്രികളിൽ 57 ഇടങ്ങളിലും ആയി ആകെ 88 സ്ഥാപനങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ ജില്ലകളിലെ ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ആശുപത്രികളിലായി ആകെ 100 ആരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ നിലവിലുണ്ട്.

സംസ്ഥാനത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലായി ആകെ 1250 ഓളം ഡയാലിസിസ് മെഷീനുകൾ പ്രവർത്തന സജ്ജമാണ്. നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാതല ആശുപത്രികളിൽ 13 സ്ഥലങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കും വിധം പ്രവർത്തി പുരോഗമിക്കുന്നു. അതിനു പുറമെ ബാക്കിയുള്ള മുഴുവൻ ആശുപത്രികളിൽ കൂടി 2025ഓടു കൂടി ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രധാന ഗവ. മെഡിക്കൽ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

പി.എൻ.എക്സ്. 2636/2024

date