Skip to main content

മലബാറിലെ തീവണ്ടി യാത്ര ദുരിതം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്

 

 

മലബാറിലെ തീവണ്ടി യാത്ര ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ്   ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി യോഗം പാസ്സാക്കി.

 

പ്രശ്‌നത്തിന്  ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്ന് ജില്ലയിലെ എംപിമാരായ കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡോ വി ശിവദാസൻ, അഡ്വ പി സന്തോഷ്‌കുമാർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവരോടും ജില്ലാ പഞ്ചായത്ത്  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

  ദിവസേന 55 ട്രെയിനുകൾ ഇരു വശത്തുമായി കണ്ണൂർ വഴി കടന്നു പോകുന്നുണ്ടെങ്കിലും യാത്രാ ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കുന്നില്ല.  റെയിൽവേയുടെ തന്നെ ഒരു പഠനം വെളിപ്പെടുത്തുന്നത് അൺറിസർവ്ഡ് യാത്രക്കാർ കൂടുതൽ കേരളത്തിൽ യാത്ര ചെയ്യുന്നത് കണ്ണൂർ തിരൂർ റൂട്ടിലാണെന്നാണ്.

കണ്ണൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കില്ലയെന്നും പ്രമേയത്തിൽ പറഞ്ഞു.

 

   യാത്രാ പ്രശ്‌നം പരിഹരിക്കാൻ ഹ്രസ്വ ദൂരത്തേക്ക് കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കുക, ദീർഘദൂര യാത്രാ ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക,  കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക്  ഇടവിട്ട് മെമു ട്രെയിൻ അനുവദിക്കുക,   കണ്ണൂരിന് നേരത്തെ അനുവദിച്ച പിറ്റ് ലൈൻ ഉടൻ  പ്രാവർത്തികമാക്കുക എന്നിവ പ്രമേയത്തിലൂടെ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.

 

വന്ദേ ഭാരത് സർവീസുകൾക്കു വേണ്ടി സാധാരണക്കാരായ  യാത്രക്കാരുടെ തീവണ്ടികൾ പിടിച്ചിടുന്നതിലൂടെ വലിയ  ദുരിതം ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ പറഞ്ഞു.

 

മലബാറിലെ തീവണ്ടി യാത്രക്ലേശം രൂക്ഷമാണന്നും പകൽ സമയങ്ങളിൽ സാധാരണ ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ കൂടുതൽ തീവണ്ടി സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

ജില്ലാ പഞ്ചായത്തിൻ്റെ റോഡ് മെയിൻ്റിനൻസ് ഫണ്ട് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനായി ഒരു പ്രതിനിധി സംഘം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായും  ധനമന്ത്രിയുമായും കൂടി കാഴ്ച നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.

 

അക്രമകാരികളായ തെരുവ് നായയെ കൊല്ലുവാൻ അനുമതി ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.

 

2024-25 വാർഷിക പദ്ധതികളിൽ സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.

 

ജില്ലാ ആശുപത്രിയിൽ ഒരു ദിവസം എല്ലാ ഒ പി കളിലുമായി വരുന്ന രോഗികളുടെ എണ്ണം മുവായിരത്തോളം ആയതിനാൽ  രണ്ടോ മൂന്നോ ഡോക്ടർമാരെക്കൂടി നിയമിക്കുവാൻ ജില്ലാ പഞ്ചായത്തിന് അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന്  ജില്ലാ ആശുപത്രിയിൽ ഒരു ഡോക്ടറെ  നിയമിക്കുന്നതിന് മാത്രമാണ് അനുമതി. ജില്ലാ ആശുപത്രിയിൽ അനുമതിയില്ലാതെ വാളൻ്റിയറായി പ്രവർത്തിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും ആശുപത്രിയിലെ സേവന പ്രവർത്തനങ്ങൾക്കു വേണ്ടി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരു ടീമിനെ സജ്ജമാക്കുമെന്നും  പ്രസിഡണ്ട് പറഞ്ഞു.

 

രോഗികളുടെ എണ്ണം കൂടുതലുള്ള ആശുപത്രികളിൽ  പ്രത്യേകിച്ച് മലയോര മേഖലയിൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജില്ലാ മെഡിക്കൽ ഓഫീസിനോട് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

 

ജില്ലാ പഞ്ചായത്ത് ആരംഭിക്കുവാൻ പോകുന്ന ലേബർ ബാങ്ക് എന്ന മൊബൈൽ ആപ്പിൻ്റെ അവതരണവും നടന്നു. ഈ ആപ്പ് ഉപയോഗിച്ച് ജില്ലയിലെ ജനങ്ങൾക്ക് വിവിധ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും.

 

യോഗത്തിൽ  പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.  ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി , സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date