Skip to main content
102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സഹകരണ- തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവർ സമീപം.

സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ അടുത്തമാസം മുതൽ: മന്ത്രി വി.എൻ. വാസവൻ

 

  •  10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ  ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗസംഘം

കോട്ടയം: സഹകരണ സംഘങ്ങളിലെ ഇടപാടുകൾക്കായി ഏകീകൃത സോഫ്റ്റ്‌വേർ ഏർപ്പെടുത്തുന്നത് അടുത്തമാസം ആരംഭിക്കുമെന്ന് സഹകരണ- തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ  ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ചു പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.
ഏകീകൃത സോഫ്റ്റ്‌വേർ സർക്കാർ ചെലവിലായിരിക്കും നടപ്പാക്കുക. സഹകരണ സംഘങ്ങളിൽ നിലവിലുള്ള സോഫ്റ്റ്‌വേർ നിലനിർത്തിക്കൊണ്ടാവും ഏകീകൃത സോഫ്്റ്റവേറിന്റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.  
സഹകരണമേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകൾക്കെതിരേയുള്ള നടപടികൾ ഫലം കാണുകയാണ്. കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകർക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നൽകി. ശേഷിക്കുന്നവർക്കു നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വർണപണയടക്കമുള്ള നടപടികൾ കരുവന്നൂർ ബാങ്കിൽ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണൻനായർക്കു മന്ത്രി സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് സഹകരണ വകുപ്പ് മന്ത്രിയുടെ കോ-ഓപ്പറേറ്റീവ് ഡേ പുരസ്‌കാരം ഊരാളുങ്കൽ ലേബർ കേൺട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല പുരസ്‌കാരവും കോട്ടയം ജില്ലയിലെ മികച്ച സഹകരണ സഹകരണഘങ്ങൾക്കുള്ള പുരസ്‌കാരവും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാനത്തതലത്തിൽ 10 വിഭാഗങ്ങളിലും ജില്ലാതലത്തിൽ എട്ടു വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പ്രവർത്തനത്തിൽ 100 വർഷം പിന്നിട്ട കോട്ടയം ജില്ലയിലെ 16 സഹകരണസ്ഥാപനങ്ങളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മുൻ എം.പി. കെ. രാജേന്ദ്രൻ, അർബൻബാങ്ക് ചെയർമാൻ എ.വി. റസൽ, സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ഫിലിപ്പ് കുഴികുളം, പി.എ.സി.എസ്. അസോസിയേഷൻ കോട്ടയം ജില്ലാസെക്രട്ടറി കെ. ജയകൃഷ്ണൻ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ അഡ്വ: പി. സതീഷ് ചന്ദ്രൻനായർ, മീനച്ചിൽ സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കൽ, ചങ്ങനാശേരി സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ അഡ്വ: ബെജു കെ. ചെറിയാൻ, കെ.എസി.ഇ.യു. ജില്ലാസെക്രട്ടറി കെ. പ്രശാന്ത്, കെ.എസി.ഇ.എഫ് ജില്ലാസെക്രട്ടറി കെ.കെ. സന്തോഷ്, കെ.എസി.ഇ.സി. ജില്ലാ സെക്രട്ടറി ആർ. ബിജു, കോട്ടയം ജോയിന്റ് രജിസ്ട്രാർ ജനറൽ കെ.വി. സുധീർ  എന്നിവർ പ്രസംഗിച്ചു.
 സഹകരണ രജിസ്ട്രാർ  ടി.വി. സുഭാഷ് പതാക ഉയർത്തിയതോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. സഹകരണദിനപ്രതിജ്ഞയും സഹകരണ രജിസ്ട്രാർ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സെമിനാറിൽ കോട്ടയം ഗ്രാമകാർഷിക വികസനബാങ്ക്  പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ അധ്യക്ഷനായി. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തിൽ റിട്ട: ജോയിന്റ് രജിസ്ട്രാർ അഡ്വ. ബി. അബ്ദുള്ള വിഷയാവതരണം നടത്തി. ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ അധ്യക്ഷനായി. സഹകരണ വായ്പാ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ എ.സി.എസ.റ്റി.ഐ മുൻഡയറക്ടർ ബി.പി. പിള്ള വിഷയാവതരണം നടത്തി.

 

date