Skip to main content

വിഴിഞ്ഞം തുറമുഖം മലയാളികൾക്ക് അഭിമാനം: മന്ത്രി വി എൻ വാസവൻ

ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പൂർത്തീകരണം ചരിത്ര നിമിഷവും അഭിമാനകരവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മദർഷിപ്പിന് സ്വീകരണം നൽകിയ ശേഷം വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലം കൂടിയാണിത്. പ്രകൃതിദത്തമായ അനുകൂല ഘടകങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം. ഇന്ന്  രണ്ടായിരത്തോളം കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ എന്ന കപ്പൽ തുറമുഖത്തെത്തി.  ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമെന്ന രീതിയിലുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലൂടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും  ചരക്കുഗതാഗതം ഇവിടെ നിന്നാരംഭിക്കാൻ കഴിയും. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ കഴിഞ്ഞതിൽ എല്ലാവർക്കും അഭിമാനിക്കാം.

വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതി ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണ്. പുലിമുട്ട് നിർമാണംക്രയിനുകൾ തുടങ്ങിയ ക്രമീകരണങ്ങൾ പൂർത്തിയായി. റയിൽദേശീയ പാത കണക്ടിവിറ്റിക്കായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ പൊതുവിൽ കേരളത്തിലെ സമ്പദ്ഘടനയിലും വ്യവസായ വാണിജ്യ തൊഴിൽ മേഖലകളിൽ പ്രത്യേകിച്ചും പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പദ്ധതി എന്ന നിലയിലാണ് വിഴിഞ്ഞം യാഥാർഥ്യമാക്കുന്നത്.  ഒന്നും രണ്ടും പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കൂടി ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 2888/2024

date