Skip to main content

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

             ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ജോയിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം തിരങ്കളാഴ്ച രാവിലെയാണ് തകരപ്പറമ്പ് - വഞ്ചിയൂർ ഭാഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

             ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി.

             അതിസങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 2931/2024

date