Skip to main content

ഡിജി കേരളം മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജി കേരളം പദ്ധതിയുടെ  ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഡയറക്ടർ എ ജി ഒലീന ഉദ്ഘാടനം ചെയ്തു. 

 

സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി, വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും, വികസന പദ്ധതികളിൽ പങ്കാളികൾ ആയി അതിന്റെ ഫലങ്ങൾ അനുഭവവേദ്യമാക്കുന്നതിനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുമുള്ള മുഴുവൻ ജനങ്ങളെയും സംബന്ധിച്ച വിവരശേഖരണം നടത്തി, അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 14 വയസ്സിന് മുകളിലുള്ള മുഴുവൻ പൗരന്മാർക്കും വളന്റിയർമാർ മുഖേന പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരർ ആക്കുന്ന രീതിയാണ് അവലംബിക്കുന്നത്. വളന്റിയർമാർക്ക് ട്രെയിനിങ്ങ് നൽകുന്നതിനായുള്ള മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സർവ്വേ നടത്തി ഡിജിറ്റൽ സാക്ഷരർ അല്ലെന്ന് കണ്ടെത്തുന്നവർക്ക്  എൻ എസ് എസ്, നെഹ്‌റു യുവകേന്ദ്ര, നാഷ്ണൽ സ്‌റുഡന്റ് കാഡറ്റ്, സ്റ്റുഡന്റ് പൊലീസ്, കുടുംബശ്രീ, സാക്ഷരതാപ്രേരക്മാർ, എസ്.സി. - എസ്.റ്റി. പ്രമോട്ടർമാർ, സന്നദ്ധ സേന, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, യുവതി-യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവയിൽ ഉൾപ്പെട്ട വോളണ്ടിയർമാരിൽ, സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അറിയാവുന്നവരെ കണ്ടെത്തി പരിശീലിപ്പിച്ച് അവർ മുഖേനയാണ് താഴെ തട്ടിൽ പരിശീലനം നടത്തുന്നത്. ഈ പ്രവൃത്തികൾ വിജയകരമായി പൂർത്തീകരിക്കുന്നതിന് വോളണ്ടിയർമാരെ സഹായിക്കുന്നതിന് കടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തും.

 

വിവരശേഖരണം, പരിശീലനം, മൂല്യനിർണ്ണയം എന്നിവ നടത്തുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും, ശേഖരിച്ച വിവരങ്ങൾ വിശകലനം നടത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഉദ്യോഗസ്ഥരുടെയും വളന്റിയർമാരുടെയും രജിസ്‌ട്രേഷൻ നടത്തുന്നതിനും അവർക്ക് ചുമതലകൾ നൽകുന്നതിനും ഒരു വെബ്‌പോർട്ടലും ഉണ്ടായിരിക്കുന്നതാണ്. 2025 നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽസാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

 

തദ്ദേശസ്വയംഭരണവകുപ്പ് അസി. ഡയക്ടർ കെ അജികുമാർ പദ്ധതി വിശദീകരണം നടത്തി. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ വി രതീഷ് പദ്ധതി ആക്ഷൻ പ്ലാൻ വിശദീകരിച്ചു. ആർ. ജി. എസ്. എ ജില്ല പ്രൊജക്ട് മാനേജർ വിൻസ വി സുതൻ പരിശീലനം നൽകി. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് എക്‌സ്‌പേർട്ട്  ഭരത് മോഹൻ , സാക്ഷരതാമിഷൻ അസി. കോ-ഓർഡിനേറ്റർ ബി സജീവ് എന്നിവരും സന്നിഹിതരായിരുന്നു.  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാസ്റ്റർ ട്രെയിനർമാർ പരിപാടിയിൽ പങ്കെടുത്തു.

date