Skip to main content

വിവരം നല്കാൻ 50 ദിവസം വൈകി; ഉദ്യോഗസ്ഥന് 12500 രൂപ പിഴ

             വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.

             വിവരം നല്കാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്.

             ജില്ലയിലെ ഒരു സ്‌കൂളിൽ കെ.ഇ. ആർ അധ്യായം XIV റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്. കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു.

             ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡി ഇ ഒ ഉറപ്പു വരുത്തി 30 നകം കമ്മിഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.

പി.എൻ.എക്‌സ്. 3061/2024

date