Skip to main content

സംരംഭകത്വ വായ്പ: പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം- പി. ഉബൈദുല്ല എം.എല്‍.എ

സംരംഭകത്വ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. നാടിന്റെ സർവതോന്മുഖമായ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. പ്രവാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് സ്വയം തൊഴിലും സംരംഭങ്ങളും തുടങ്ങുന്നതിനും മറ്റുമായി നോര്‍ക്ക റൂട്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണമെന്നും അദ്ദേഹം പറഞ്ഞു.  നോർക്ക റൂട്സിന്റെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കുമായി ചേര്‍ന്ന്  പ്രവാസിസംരംഭകര്‍ക്കായി  നടത്തുന്ന ബിസിനസ് ലോൺ ക്യാമ്പിന്റെ നടപ്പു സാമ്പത്തികവര്‍ഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, സംരംഭകപരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ഒരു സംരംഭം തുടങ്ങക എന്നതിലുപരി മാര്‍ക്കറ്റില്‍ പ്രസ്തുത സംരംഭത്തിന്റെ സാധ്യതകള്‍ പഠിച്ച ശേഷം മാത്രമേ സംരംഭം തുടങ്ങാവൂ. തുടക്കം കുറിക്കുന്ന ഏതു സംരംഭത്തെക്കുറിച്ചും വ്യക്തമായ അറിവ് സംരംഭകന് ഉണ്ടായിരിക്കണമെന്നും എം.എല്‍.എ പറഞ്ഞു.  

കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സർക്കാറും നോർക്ക റൂട്സും ലക്ഷ്യമിടുന്നതെന്ന്  ചടങ്ങില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംരംഭം എന്നത് ശൂന്യതയില്‍ നിന്നുണ്ടാകുന്നതല്ല. വ്യക്തമായ പഠനവും ശരിയായ തയ്യാറെടുപ്പുകളും ഇതിനാവശ്യമാണ്. സംരംഭകത്വം എന്നും ഒരേപോലെ തന്നെയാണ് എന്ന ഉറച്ച ധാരണയാണ് നാം പുലർത്തിപ്പോരുന്നത്. സംരംഭകത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ അതേപോലെ തന്നെ നിലനില്ക്കുന്നുവെങ്കിലും പ്രവർത്തന തലങ്ങളിൽ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

മലപ്പുറം റോസ് ലോഞ്ച് ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ കെ.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് അസി. പ്രൊഫസറും എന്‍.ഡി.പി.ആര്‍.ഇ.എം കോ ഓ ഓര്‍ഡിനേറ്ററുമായ ഡോ. അനില്‍ ബോധവത്കരണ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. 

date