Skip to main content

അവലോകന യോഗങ്ങള്‍ ചേര്‍ന്നു

ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രണ്ടാമത്തെ ദിവസമായ ഇന്ന് (ഞായര്‍) രാവിലെ 9 മണിക്ക് തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അവലോകനം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍, ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, റവന്യൂ- ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് 5 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വീണ്ടും യോഗം ചേരും.

നിപ സ്ഥിരീകരിച്ച പാണ്ടിക്കാടിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ഓണ്‍ലൈന്‍ യോഗവും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പാണ്ടിക്കാട്, ആനക്കയം, പോരൂര്‍, കീഴാറ്റൂര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്തുകള്‍, മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകള്‍ എന്നിവിടങ്ങളിലെ അധ്യക്ഷരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും ഐ.എം.എ പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

date