Skip to main content

സംസ്ഥാന തല കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2023 ലെസംസ്ഥാനതല അവാർഡിന്
അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലെ കർഷക അവാർഡുകൾക്ക് പുറമെ പുതിയതായി 4 അവാർഡുകൾ കൂടി ഉൾപ്പെടുത്തി ആകെ 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്, മികച്ച ഗവേഷണത്തിന് നല്കുന്ന എം.എസ്.സ്വാമിനാഥൻ അവാർഡ്, അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ (2023 മില്ലറ്റ് പദ്ധതി) മികവോടെ നടപ്പിലാക്കിയ കൃഷി ഭവന് നല്കുന്ന അവാർഡ്, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്കുന്ന അവാർഡ് എന്നിവയാണ് ഈ വർഷം പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന 4 അവാർഡുകൾ.
ഓരോ വിഭാഗത്തിലും മത്സരിക്കുന്നവർ നിശ്ചിത ഫോറത്തിൽ ഈ മാസം 25 ന് മുമ്പായി കൃഷി ഭവനുകളിൽ അപേക്ഷ നൽകണം. ക്ഷോണി സംരക്ഷണ അവാർഡിനുള്ള അപേക്ഷകൾ അതാത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. കഴിഞ്ഞ 3 വർഷങ്ങളിലെ അവാർഡ് ജേതാക്കളെ നടപ്പു വർഷത്തെ അവാർഡിന് പരിഗണിക്കുന്നതല്ല. കൃഷി ഭവനും പഞ്ചായത്തിനും കർഷകരെ വിവിധ അവാർ ഡുകൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ കൃഷി ഡയറക്ടറുടെ വെബ്സൈറ്റിൽ (www.karshikakeralam.gov.in) ലഭ്യമാണ്. അപേക്ഷകൾ കൃഷി ഭവനുകളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25, വൈകിട്ട് 5 മണി.

date