Skip to main content

മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ്  അമ്പലപ്പുഴ താലൂക്കില്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ ശുപാര്‍ശ ചെയ്യും

 

ആലപ്പുഴ: ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ താലൂക്കില്‍ നടന്ന ജനകീയ സദസ്സില്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ തീരുമാനമായി. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനില്‍ എച്ച്. സലാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജനറല്‍ ആശുപത്രി വഴി വണ്ടാനം-എസ്.എന്‍. കവല-ചമ്പക്കുളം റൂട്ടും പുത്തനമ്പലം-മുഹമ്മ-എം.സി. ജോണ്‍ കമ്പനി വഴി പ്രൈവറ്റ് ബസ് സ്റ്റാന്റ് റൂട്ടും അനുവദിക്കാനാണ് ശുപാര്‍ശ ചെയ്യുക. ഈ റൂട്ടുകള്‍ക്ക് അനുമതി ലഭിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്സുകള്‍ സര്‍വീസ് നടത്തും. നേരത്തെ ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാര്‍, ആര്‍.ടി.ഒ., കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം ചേരാനും തീരുമാനമായി.  

യോഗത്തില്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പി.പി. സംഗീത, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, പുന്നപ്ര തെക്ക് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. ഹരിദാസ്, ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റെ് ആര്‍. രമണന്‍, ജോയിന്റ് ആര്‍.ടി.ഒ., നിഷ, പോലീസ്, കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പല ജില്ലകളിലും കെ.എസ്.ആര്‍.ടി.സി./പ്രൈവറ്റ് ബസുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്. എം.എല്‍.എ.മാര്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് ജനകീയ സദസ്സ് നടത്തുന്നത്. 
 

date