Skip to main content

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

*വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു

*സർക്കാർ ഓണാഘോഷ പരിപാടി ഒഴിവാക്കി

വയനാട് ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾശേഖരിച്ച ശേഷമാണ്പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുക.

ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ  ക്യാമ്പുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ  കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി  നടത്തി താമസയോഗ്യമാക്കി. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സർക്കാർ കണ്ടെത്തിയ  177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം  അനുവദിച്ചു നൽകിയിട്ടുണ്ട്.  22 കുടുംബങ്ങൾ അങ്ങനെ  താമസം തുടങ്ങി. മാറിത്താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ  കണ്ടെത്തി നൽകുന്നതിൽ കാര്യമായ തടസ്സം  ഇല്ല.

179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ല.  ഈ കുടുംബത്തിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിൻ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എൻ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു.

മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ് ഡി ആർ എഫിൽ നിന്നും 4 ലക്ഷവും സി എം ഡി ആർ എഫിൽ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.

691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു.

ഇതിനു പുറമെ  172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക്  കൈമാറി.

119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. കണ്ടെത്തെത്താൻ അവശേഷിക്കുന്നവരുടെ ബന്ധുക്കളിൽ നിന്നും 91 പേരുടെ ഡി എൻ എ സാമ്പിളുകൾ  ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

 ജീവിതോപാധികൾ നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണ്. കാർഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാർഗം. അതിനായും വിദ്യാഭ്യാസംപാർപ്പിടം തുടങ്ങി മറ്റു പല ആവശ്യങ്ങൾക്കായും ലോണുകൾ എടുത്തവരാണതിൽ ഭൂരിഭാഗം പേരും. എന്നാൽ ഇന്ന് അവർക്ക് ആ വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നുകൃഷിഭൂമി നാമാവശേഷമായിരിക്കുന്നുഅനേകം പേർ ഉറ്റവർ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോണുകൾ എഴുതിത്തള്ളണമെന്ന നിർദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ വെച്ചു.

വായ്പ്കൾ പൂർണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോർഡുകളിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുരന്ത മേഖലയിലുള്ളവരിൽ നിന്നും ജൂലൈ 30 ന് ശേഷം പിടിച്ച ഇ.എം.ഐകൾ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകൾ നടത്തേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ തീരുമാനമെടുത്തത്.

കാർഷികവും കാർഷികേതര ആവശ്യങ്ങൾക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചർ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. ഇ.എം.ഐ തിരിച്ചടവിൽ ഉൾപ്പെടെ വരുന്ന മാറ്റം ദുരന്തബാധിത മേഖലയിലുള്ളവർക്ക് അടിയന്തര ആശ്വാസം പകരുന്ന വിധത്തിലായിരിക്കും. അതോടൊപ്പം പുതിയലോണുകൾ നിബന്ധനകൾ ലഘൂകരിച്ച്  നൽകുന്നതിനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും.

പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000  രൂപ വരെയുള്ള കൺസംഷൻ ലോണുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയിൽ ഉള്ള എല്ലാ റിക്കവറി നടപടികളും തൽക്കാലം നിർത്തിവയ്ക്കാനും യോഗത്തിൽ തീരുമാനമായി.  ദുരിതബാധിതർക്ക് നൽകുന്ന സാമ്പത്തിക സഹായം അവരുടെ നിലനിൽക്കുന്ന സാമ്പത്തിക ബാധ്യതകൾക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. ദുരന്തമേഖലയിൽ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാൻഡേറ്റുകൾ അവർക്ക് സാമ്പത്തികമായ സമ്മർദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ റിവ്യൂ ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്.

ഓണം കേരളത്തിന്റെയാകെ ഉത്സവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിൻറേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മൾ എപ്പോഴത്തേക്കാളും ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജ്ജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ  പശ്ചാത്തലത്തിൽ നാടിന്റെ  നാനാഭാഗത്തുനിന്നും നിർലോപമായ സഹായസഹകരണങ്ങൾ ആണ് ലഭിക്കുന്നത്. കുട്ടികളുടെ  നാണയത്തുട്ടുകൾ മുതൽ കോടികൾ വരെയുള്ള  സംഭാവനകൾ വരുന്നുണ്ട്. ശസ്ത്രക്രിയക്കായി  മാറ്റിവെച്ച തുക സംഭാവന ചെയ്തവരുണ്ട്.  മരണാനന്തരചടങ്ങുകൾക്കും   വിവാഹത്തിനുമായി  സ്വരുക്കൂട്ടി വച്ച തുക സംഭാവന ചെയ്ത കുടുംബങ്ങൾ ഉണ്ട്.

കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ സർക്കാരിന്റെ ദുരിതാശ്വാസ പദ്ധതികൾക്ക് പ്രോത്സാഹനമായി കൂടെ നിന്ന് സഹകരിക്കുമെന്നും അതിന്റെ ഭാഗമായി 100 വീടുകൾ പുഃരധിവാസത്തിനായി നിർമ്മിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വീടും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട കുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്നും കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ  അറിയിച്ചിട്ടുണ്ട്

തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ  ചിലർ കഴിഞ്ഞ ദിവസം ഓഫിസിലെത്തി  ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.   പിന്നീട് പരിശോധിച്ചപ്പോൾ   ഫ്യൂച്ചർ ഗെയിമിങ് എന്ന്  ചെക്കിൽ കാണുകയും സാൻറിയാഗോ മാർട്ടിന്റെ അടുത്ത ബന്ധുക്കളാണ്   ചെക്ക്  ഇവിടെ നൽകിയതെന്ന്  മനസ്സിലാക്കുകയും ചെയ്തു.  ആരുടേതാണ് എന്ന് വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട്  എന്ന് അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സഹായങ്ങൾ:

കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.എസ്.ടി.എ)  ഒരു കോടി അൻപത്തി ഏഴ് ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി എണ്ണൂറ്റി മുപ്പത്താറ്  (1,57,45,836) രൂപ.

ടാറ്റാ കൺസ്യൂമർ പ്രെഡക്ട്സ് ലിമിറ്റഡ്(ടി.സി.പി.എൽ) 50 ലക്ഷം രൂപ.

കണ്ണൻ ദേവൻ ഹിൽസ് പ്ലാൻറേഷൻ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപ.

കണ്ണൻ ദേവൻ ഹിൽസ് പ്ലാൻറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ 57,74,000 രൂപ.

ഓത്തോ ക്രിയേഷൻ മൂവാറ്റുപുഴ ഒരു ലക്ഷം രൂപ.

തലയാർ ടി കമ്പനിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം 3,09004 രൂപ.

മൂന്നാർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 5 ലക്ഷം രൂപ.

ഏലംകുളം സർവീസ് സഹകരണ ബാങ്ക് 5,55,555 രൂപ

പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക്  50 ലക്ഷം രൂപ.

ഹൃദ്രോഗവിദഗ്ധൻ ഡോ.കെ.എം.ചെറിയാനും ഡോ.കെ.എം.സി ഹോസ്പിറ്റൽ

ജീവനക്കാരും ചേർന്ന്  11 ലക്ഷം രൂപ.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്  10 ലക്ഷം രൂപ.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  10 ലക്ഷം രൂപ.

ഖാദി ഗ്രാമ വ്യവസായ ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ  3,86,401 രൂപ.

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ  2,50,000 രൂപ.

കേരള ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ഫെഡറേഷൻ  2,35,000 രൂപ.

ലക്ഷദ്വീപിലെ അഗത്തി സ്‌കൂൾ  1,40,060 രൂപ.

യൂണിവേഴ്സിറ്റി അഡ്മിഷൻ നെറ്റ് വർക്സ് എറണാകുളം ആദ്യ ഗഡു  ഒരു ലക്ഷത്തി നാലു രൂപ.

ഗ്രോവെയർ എഡ്യൂക്കേഷൻ സൊല്യൂഷൻ   ഒരു ലക്ഷം രൂപ.

യു കെയിലെ ന്യൂ പോർട്ട് മലയാളി ഫ്രണ്ട്സ് കൂട്ടായ്മ  71,500 രൂപ.

സെന്റ് ജോൺസ് ഇ.എം മോഡൽ ഹൈസ്‌കൂൾബിൻഡുമില്ലിആന്ധ്രപ്രദേശ്   50,000 രൂപ.

എന്നീ സംഭാവനകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 3688/2024

date