Skip to main content

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി എം. പിമാരുടെ യോഗം ചേര്‍ന്നു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗം ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തേണ്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍ സന്നിഹിതനായിരുന്നു. 

റെയില്‍വേയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന അവഗണന സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തും. തലശേരി, െൈമസൂര്‍ റെയില്‍വേ ലൈന്‍ അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുക, റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ തിരുവനന്തപുരം, ചെങ്ങന്നൂര്‍ റൂട്ടില്‍ രാവിലെയും വൈകിട്ടും അനുവദിക്കുക, അങ്കമാലി, ശബരി റെയില്‍ ലൈനിന്റെ പണി നൂറു ശതമാനം കേന്ദ്ര ഫണ്ടിംഗോടെ നടപ്പാക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരത്തു നിന്നുള്ള റെയില്‍ലൈനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ലൈനും സംയുക്ത സംരംഭമായി തുടങ്ങുന്നതിന് ആവശ്യമായ തീരുമാനം, ഗുരുവായൂര്‍, തിരുനാവായ ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ബഡ്ജറ്റ് വിഹിതം ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് എം. പിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. 

വിദേശ ട്രോളറുകള്‍ രാജ്യത്തിന് നികുതി നഷ്ടം ഉണ്ടാക്കും വിധം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഉണ്ടാവണമെന്ന് എം. പിമാര്‍ നിര്‍ദ്ദേശിച്ചു. ചെറു മത്‌സ്യങ്ങളെ പിടിക്കുന്നത് സംബന്ധിച്ച് ദേശീയ തലത്തില്‍ തീരുമാനമുണ്ടാവണം. സംസ്ഥാനങ്ങളുടെ സമുദ്രാധികാര പരിധി 12 നോട്ടിക്കല്‍ മൈലില്‍ നിന്ന് 36 നോട്ടിക്കല്‍ മൈല്‍ ആക്കണമെന്ന് കേരളം ആവശ്യപ്പെടും. മത്‌സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുള്ള ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കണം, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു കൂടി നല്‍കുന്നതിന് പഞ്ചസാര അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്നോട്ടുവച്ചത്. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടുന്നതിനും നിര്‍ദ്ദേശമുണ്ടായി.  

ഹില്‍ഹൈവേ പദ്ധതിക്കായി വന ഭൂമി ലഭ്യമാക്കുക, വിവിധ ബൈപ്പാസുകള്‍ക്ക് കേന്ദ്ര സഹായം തേടുക, വിഴിഞ്ഞം പോര്‍ട്ട് തിരുവനന്തപുരം കാട്ടാക്കട അംബാസമുദ്രം റോഡിന് അനുമതിയ്ക്കുള്ള സഹായം എന്നിവയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ആവശ്യങ്ങള്‍. കേരളത്തിന് എയിംസ്, മലബാര്‍ കാന്‍സര്‍ സെന്ററിന് പരിഗണന, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, പാര മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വേദത്തിന് അന്തര്‍ദ്ദേശീയ ഗവേഷണ കേന്ദ്രം എന്നിവയ്ക്കാണ് ആരോഗ്യവകുപ്പ് സഹായം തേടിയത്. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദേ ചെലുത്താന്‍ വ്യവസായ വകുപ്പ് സഹായം തേടി. മിനി വൈദ്യുതി പദ്ധതികള്‍ക്കും കാറ്റാടി പദ്ധതികള്‍ക്കും കേരളം പ്രാധാന്യം നല്‍കണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകളും പരിഗണിക്കണം. 

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ തുക വെട്ടിക്കുറിച്ചതിനാല്‍ 100 ലധികം പദ്ധതികള്‍ മുടങ്ങിയിരിക്കുകയാണ്. ഈ വിഷയത്തില്‍ എം. പിമാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ ആവശ്യം. മറ്റു വകുപ്പുകളുടെ വിവിധ ആവശ്യങ്ങളും എം. പിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി. എസ്. സുനില്‍കുമാര്‍, കെ. രാജു, കെ. ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപള്ളി, ഡോ.തോമസ് ഐസക്ക്, കെ. കെ. ശൈലജ ടീച്ചര്‍, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, ജി. സുധാകരന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എം. പിമാരായ എ. സമ്പത്ത്, എം. ബി രാജേഷ്, പി. കെ. ബിജു, ജോയ്‌സ് ജോര്‍ജ്, പി. കരുണാകരന്‍, പി. കെ. ശ്രീമതി, കെ. സോമപ്രസാദ്, കെ. കെ. രാഗേഷ്, സി. എന്‍. ജയദേവന്‍, എം. കെ. രാഘവന്‍, അബ്ദുള്‍ വഹാബ്, സി.പി.നാരായണന്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.5063/17

date