Skip to main content

മാലിന്യമുക്തനവകേരളം: ജില്ലാതല ജനകീയ കാമ്പയിന്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

ജനറല്‍ ആശുപത്രിയിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും

മാലിന്യമുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജില്ലാതല ജനകീയ കാമ്പയിന് ഗാന്ധിജയന്തി ദിനമായ ഇന്ന് (02) തുടക്കമാവുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയ്ന്‍ ആലപ്പുഴ നഗരസഭ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനത്തോടെ ആരംഭിക്കും. ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ രാവിലെ 11.30 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന കാമ്പയ്ന്‍ 2025 മാര്‍ച്ച് 31 ന് മാലിന്യമുക്തം നവകേരളം പ്രഖ്യാപനം വരെ തുടരും. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച മലിനജല സംസ്‌കരണ പ്ലാന്റിന് 2,40,000 ലിറ്റര്‍ സംസ്‌കരണ ശേഷിയുണ്ട്.
മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ സ്വാഗതം പറയുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കെ. സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ ദലീമ ജോജോ, പിപി ചിത്തരഞ്ജന്‍, തോമസ് കെ തോമസ്, രമേശ് ചെന്നിത്തല, യു പ്രതിഭ, എംഎസ് അരുണ്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.

(പി.ആര്‍./എ.എല്‍.പി./1991)

date