പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്കാരം
മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേഷ്, സെക്രട്ടറി പി. സുനിൽ എന്നിവർ രാഷ്ട്രപതിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചു. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചതിനാണ് അവാർഡ്.
വാമനപുരം ബ്ലോക്കിൽപ്പെട്ട പുല്ലൻപാറ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താണ്. മൂന്നാമത് ദേശീയ ജല അവാർഡിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരവും തിരുവനന്തപുരത്തിനായിരുന്നു. 'പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മ ' എന്നതായിരുന്നു പ്രകൃതി സംരക്ഷണത്തിന് പഞ്ചായത്ത് നൽകിയ ആപ്തവാക്യം.
നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ, ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട വികസന പദ്ധതി ഒരുക്കിയത്. ജില്ലാ എൻജിനിയർ ദിനേശ് പപ്പൻ,കാർഷിക വിദഗ്ധൻ പ്രശാന്ത്, ജി ഐ എസ് വിദഗ്ധൻ ഡോ.ഷൈജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് നീരുറവ് എന്ന നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2021 ഓഗസ്റ്റിൽ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2023 മാർച്ചിൽ കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി.
വൈസ് പ്രസിഡന്റ് അശ്വതി, വാർഡ് മെമ്പർ പുല്ലമ്പാറ ദിലീപ്, കോ ഓർഡിനേറ്റർ ദിനേശ് പപ്പൻ, പഞ്ചായത്ത് സാങ്കേതിക ഉദ്യോഗസ്ഥരായ കിരൺ, അൻഷാദ്, ജിത്തു, മഹേഷ് എന്നിവർ അടങ്ങിയ സംഘമാണ് അവാർഡ് സ്വീകരണത്തിനായ് ഡൽഹിയിൽ എത്തിയത്.
പി.എൻ.എക്‌സ്. 4749/2024
- Log in to post comments