മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കാര്യക്ഷമതയോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ കൈപ്പുസ്തകം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. വകുപ്പ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾക്ക് പുറമെ അത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്കു സമർപ്പിക്കേണ്ടുന്ന രേഖകളെ സംബന്ധിച്ചും വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ചും കൈപ്പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഖനന മേഖലയിൽ നിക്ഷേപം നടത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും പുസ്തകം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കും. വകുപ്പിന്റെ വെബ്‌സൈറ്റിലും പുസ്തകത്തിന്റെ പകർപ്പ് ലഭ്യമാക്കും. ചട്ടങ്ങളിലുണ്ടാകുന്ന ഭേദഗതികൾ പെട്ടെന്ന് തിരിച്ചറിയുന്ന തരത്തിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഹോട്ടൽ റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ കെ ഹരികുമാർ, അഡീഷണൽ ഡയറക്ടർ കിഷോർ, ആനി ജൂല തോമസ്, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്. 4783/2024
- Log in to post comments