Skip to main content

മലയാള ഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനുമാകണം : മുഖ്യമന്ത്രി

*ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും ആദരിച്ചു

സഹജീവി സ്‌നേഹത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും സാംസ്‌കാരിക വിനിമയങ്ങളുടേയുമെല്ലാം  അടിത്തറയായ മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിന്ധിഘട്ടങ്ങളിൽ ലോകത്തിനാകെ മാതൃകയായ  നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭാഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പും വിവര-പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമമേഖലകളിൽ ഉൾപ്പെടെ ലോകത്തിനാകെ മാതൃകയാകുന്ന നിരവധി സംഭാവനകൾ നൽകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ലോകമാകെ പടർന്നുപന്തലിച്ച ഒരു വലിയ ജനസമൂഹമായും അങ്ങനെ ലോകത്താകമാനമുള്ള വിവിധ രാജ്യങ്ങളുടെ സാമൂഹിക - സാമ്പത്തിക വികാസങ്ങളിൽ വലിയ സംഭാവന നൽകുന്നവരായും മലയാളികൾ മാറിയിട്ടുണ്ട്. ഇത്തരത്തിൽ ലോകമാകെ വ്യാപിച്ചുകിടക്കുമ്പോഴും കേരളത്തോടും മലയാള ഭാഷയോടും ഒക്കെ വലിയ കരുതലുള്ളവരാണ് മലയാളികൾ.

പ്രതിസന്ധി ഘട്ടങ്ങളിൽ നാം കാണിക്കുന്ന ഐക്യം ലോകത്തിനാകെ മാതൃകയാണ്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മലയാളികൾ ഒരേ മനസ്സോടെ കൈകോർക്കുന്ന കാഴ്ചയാണ് കണ്ടത്. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങൾ നമ്മിലുണ്ടാക്കിയ സഹജാവബോധവും രാഷ്ട്രീയവും സാമൂഹികവുമായി നാം കൈവരിച്ച നേട്ടങ്ങളും എല്ലാം നമ്മുടെ ഈ ഐക്യത്തിന് കാരണമായിട്ടുണ്ട്. ആത്യന്തികമായി നമ്മുടെ ഐക്യത്തിന് അടിസ്ഥാനമായി വർത്തിക്കുന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. സംസാരിക്കുന്നവരെയെല്ലാം ഒറ്റക്കെട്ടായി നിർത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷ നഷ്ടമായാൽ നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും എല്ലാം ഇല്ലാതാകും.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുന്നതിൽ നമ്മുടെ ഭാഷാവൈവിധ്യം വഹിച്ച പങ്ക് വളരെ വലുതാണ്. ആ ഭാഷാവൈവിധ്യത്തെ തച്ചുടച്ചുകൊണ്ട് ഏക ഭാഷയിലേക്ക് രാജ്യത്തെ ചുരുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഭരണഘടനാപരമായി നിഷ്‌ക്കർഷിച്ചിട്ടുള്ള നിലയിലല്ലാതെ ചില ഭാഷകളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അത്തരത്തിൽ നിർബന്ധപൂർണ്ണമായ ഒരു അടിച്ചേൽപ്പിക്കൽ ഉണ്ടായാൽ നമ്മുടെ ഭാഷ ഇല്ലാതാകും. അതുവഴി സംസ്‌കാരവും ഇല്ലാതാകും. അത്തരം പ്രതിലോമ പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ ഓരോ മലയാളിക്കും വലിയ ഉത്തരവാദിത്വമുണ്ട്.

നമ്മുടെ സാംസ്‌കാരിക കലാരൂപങ്ങൾ  മാതൃഭാഷയിൽ സംവദിക്കുന്നതുകൊണ്ടാണ് അവയ്ക്ക് കൂടുതൽ ജനകീയത കൈവരുന്നത്. പുരോഗമനപരമായ ആശയങ്ങൾ പൊതുസമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിലും പൊതുസമൂഹത്തെ പുരോഗമനോന്മുഖമായി പരിവർത്തിപ്പിക്കുന്നതിലും മാതൃഭാഷയ്ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ്  സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വിജ്ഞാനവിതരണം സുഗമമാകണമെങ്കിൽ ഏറ്റവും ശക്തിപ്പെടേണ്ട ഒന്നാണ് മാതൃഭാഷയുടെ ഉപയോഗം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് എത്തിക്കാൻ മാതൃഭാഷയോളം മികവുറ്റ മറ്റൊരു ഉപാധിയില്ല. അത് മനസ്സിൽ വെച്ചുകൊണ്ട് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മലയാളഭാഷാ പരിപോഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച്  ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും കേരള സർക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിച്ചു. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റേയും സർക്കാർ കലണ്ടറിന്റേയും പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്യോഗസ്ഥർക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ ഡോ സി ആർ പ്രസാദ് മുഖ്യപ്രഭാഷണവും ഏഴാച്ചേരി രാമചന്ദ്രനും ഡോ.  നടുവട്ടം ഗോപാലകൃഷ്ണനും പ്രഭാഷണവും നടത്തി. പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്4893/2024

date