മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ ; കേരളപ്പിറവിദിനത്തിൽ ഹരിതപ്രഖ്യാപനങ്ങളുമായി സംസ്ഥാനം
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃകാ ഹരിത പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടന്നു.
കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തിയത്. 2024 നവംബർ 1 ന് 50766 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു. 18232 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 903 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചു. 6952 വിദ്യാലയങ്ങളാണ് ഹരിത വിദ്യാലയ പദവിയിലെത്തിയത്. 537 പൊതുസ്ഥലങ്ങളെയും 458 കലാലയങ്ങളെയും ഹരിതമായി പ്രഖ്യാപിച്ചു. 68 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്.
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം ) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക.
സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഏകോപനത്തിൽ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ഈ ജനകീയ ക്യാമ്പയിൻ കേരളം ഏറ്റെടുത്തിരിക്കുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കൊല്ലം ജില്ലയിൽ മുനിസിപ്പൽ കോർപ്പറേഷനിലെ ഹരിത പ്രഖ്യാപനങ്ങളും സാക്ഷ്യപത്ര വിതരണവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
അലയമൺ ഗ്രാമപഞ്ചായത്തിലെ ഹരിത പ്രഖ്യാപനങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനങ്ങൾ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. നിർവഹിച്ചു.
ഇടുക്കി ജില്ല മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
എറണാകുളം ജില്ലയിൽ സ്വാപ്പ് ഷോപ്പ്/ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിന്റെയും ഹരിത അങ്കണവാടികളുടെയും പ്രഖ്യാപനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു.
കണ്ണൂർ നാറാത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ വിളംബര ഘോഷയാത്ര എം.എൽ.എ. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ ശൃംഖലയും ഹരിത സംഗമവും ഗവ. ചീഫ് വിപ്പ് ഡോ. എം. ജയരാജ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലയിൽ അടവി ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. യും റാന്നി ഗ്രാമപഞ്ചായത്തിലെ ഹരിത അയൽക്കൂട്ട ഹരിത വിദ്യാലയ പ്രഖ്യാപനങ്ങൾ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യും നിർവഹിച്ചു.
തിരുവനന്തപുരം ജില്ലയിൽ വെള്ളറട ഗവ. യു.പി.എസ്. ഹരിത വിദ്യാലയ പ്രഖ്യാപനം സി. കെ. ഹരീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.
തൃശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തെ ഹരിത തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി നഗരസഭാ ഹരിത വിദ്യാലയം, ഹരിത സ്ഥാപനം പ്രഖ്യാപനങ്ങൾ കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു.
പി.എൻ.എക്‌സ്. 4901/2024
- Log in to post comments