ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം യുവജനത പഠിക്കണം : ഗവർണർ
*കാശ്മീർ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗാം ഗവർണർ ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങൾ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. ഇത്തരം പരിപാടികൾ യുവ തലമുറയ്ക്ക് വിവിധ സംസ്‌കാരങ്ങൾ മനസിലാക്കാനുള്ള അവസരം ഒരുക്കും. സമാധാനം, വികസനം, പുരോഗതി എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങളിൽ കാശ്മീരിൽ നിന്നുള്ള യുവശബ്ദങ്ങൾ അത്യന്താപേക്ഷിതമാണ്.
1972-ൽ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി സ്ഥാപിതമായ നെഹ്റു യുവകേന്ദ്രം ഇന്ന് ഏറ്റവും വലിയ അടിസ്ഥാനതല യുവജന സംഘടനയായി വളർന്നു കഴിഞ്ഞു. നമ്മുടെ ഗ്രാമീണ യുവാക്കളുടെ വ്യക്തിത്വത്തെ സമ്പന്നമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് യുവതലമുറ സംഭാവന നൽകുന്നതിന് പ്രതികൂല സാഹചര്യങ്ങൾ തടസ്സമാകരുതെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ - കേരള മേഖല ഡയറക്ടർ വി. പാർവ്വതി, ജമ്മു കാശ്മീർ യൂത്ത് കണ്ടിജന്റ് ലീഡർ അസിസ്റ്റന്റ് പ്രൊഫസർ മുനീർ ഹുസ്സൈൻ ആസാദ്, നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സ്വച്ഛതാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ ജില്ലാ യൂത്ത് ഓഫീസർമാർക്കുള്ള പുരസ്‌ക്കാരങ്ങൾ ഗവർണർ ചടങ്ങിൽ വിതരണം ചെയ്തു.
പി.എൻ.എക്‌സ്. 4908/2024
- Log in to post comments