Skip to main content

അര്‍ച്ചനയുടെ സുവര്‍ണനേട്ടത്തില്‍ പൂവണിഞ്ഞത് അമ്മയുടെ സ്വപ്നം

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലെ അര്‍ച്ചനയുടെ സ്വര്‍ണ്ണ നേട്ടത്തിലൂടെ പൂവണിഞ്ഞത് അമ്മ കൃഷ്ണപ്രിയയുടെ സ്വപ്‌നം. പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ വിദ്യാര്‍ഥിയാണ് അര്‍ച്ചന എസ്. 
' എന്റെ ചെറിയ വരുമാനത്തില്‍ നിന്ന് നല്‍കാന്‍ കഴിയുന്ന പരിമിതമായ സൗകര്യങ്ങളെ മോള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുള്ളു. ജീവിത പ്രാരാബ്ധങ്ങളോട്  പൊരുതിയാണ് മകള്‍ ഈ നേട്ടം കരസ്ഥമാക്കിയത്'. അതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അര്‍ച്ചനയുടെ അമ്മ വിഷ്ണുപ്രിയ പറഞ്ഞു. 
മുന്‍ അന്താരാഷ്ട്രതാരം പി യു ചിത്രയുടെ കായിക അധ്യാപകന്‍ കൂടിയായ എന്‍ എസ് സിജില്‍ ആണ് കോച്ച്. 3000 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ നടത്തത്തില്‍ സ്വര്‍ണം നേടിയ എസ് ജഗന്നാഥനടക്കം പാലക്കാട് നിന്നും ഇദ്ദേഹത്തിന്റെ 22 ശിഷ്യന്‍മാരാണ് ഇത്തവണത്തെ സ്‌കൂള്‍ കായികമേളയില്‍ മാറ്റുരക്കുന്നത്. 
സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് പാലക്കാടിന്റെ  കായികതാരങ്ങളില്‍ ഏറിയ പങ്കും. ഇവര്‍ക്കു വേണ്ട പ്രോല്‍സാഹനവും സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തണം. എങ്കില്‍ മാത്രമേ കായികതാരം എന്ന നിലയിലേക്ക് ഇവരെ ഉയര്‍ത്താനാകു. നാളെയുടെ വാഗ്ദാനങ്ങളായ കായികതാരങ്ങളെ സംഭാവന ചെയ്യാന്‍ ഇനിയും പാലക്കാടന്‍ മണ്ണിനാകുമെന്ന് കോച്ച്  എന്‍ എസ് സിജില്‍ പറഞ്ഞു.
ഇടുക്കി സിഎച്ച്എസ് കാല്‍വരിമൗണ്ടിലെ അലീന സജിക്കാണ് 3000 മീറ്ററില്‍ വെള്ളി. പാലക്കാട് എംഎന്‍കെഎച്ച്എസ്എസ് ചിറ്റിലഞ്ചേരിയിലെ രേവതി രാജന്‍ വെങ്കലം നേടി.

date