Skip to main content

കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ വൈഫൈ പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. 

 

സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്. കേരള വൈഫൈ കണക്ഷന്‍ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്തതിനു ശേഷം കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോള്‍ ലാൻഡിങ്ങ് പേജില്‍ മൊബൈൽ നമ്പ൪ കൊടുത്ത് ഒ  ടി പി ജനറേറ്റ് ആകുകയും 1 ജിബി സൗജന്യ വൈഫൈ ലഭിക്കുകയും  ചെയ്യും. 

എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും.   ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത ഇടങ്ങളിൽ ആണ് വൈഫൈ സംവിധാനം നടപ്പാക്കുന്നത്. സേവന ദാതാവായ ബി എസ് എൻ എൽ -ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയിലും സേവനം ലഭിക്കും. 

പൊതു ജനങ്ങൾക്ക് മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ  10 എംബിപിഎസ് വേഗതയോടു കൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ /വൗച്ചർ ഉപയോഗിച്ച് വൈ -ഫൈ സേവനം തുടർന്നും ഉപയോഗിക്കാം. എന്നാൽ 1 ജിബി ഡാറ്റാ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ പരിധിയില്ലാതെ സൗജന്യമായി തന്നെ ലഭിക്കും.  കെ- ഫൈ യുടെ പരിധിക്കുള്ളിൽ എത്തുമ്പോൾ   വൈഫൈ  ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് അതിവേഗ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കാം. 

ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ രണ്ട് വൈ -ഫൈ അക്സസ്സ് പോയിന്റുകളും 10 എം ബി പി എസ് ബാൻഡ് വിഡ്ത്തുമാണ് നൽകിയിരിക്കുന്നത്. ഉപയോഗം വിലയിരുത്തിയ ശേഷം ഇതിൽ പിന്നീട് വർധന വരുത്തും. ഒരേ സമയം ഒരു ഹോട്ട് സ്പോട്ടിൽ നിന്നും 100 പേർക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരണം.

സംസ്ഥാന ഡാറ്റ സെന്ററിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ സർക്കാർ വെബ്സൈറ്റുകളും മൊബൈൽ ആപ്ളിക്കേഷനുകളും പരിധി ഇല്ലാതെ ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ സംബന്ധമായ വിവരങ്ങൾ തുടങ്ങിയവയും ലഭിക്കും. വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ പ്ലാറ്റ്ഫോമുകൾ / ലാപ്ടോപ്പ് ഉപകരണങ്ങളിൽ വയർലെസ് ആക്സസ് ലഭ്യമാണ്. സൗജന്യ വൈഫൈയിലേക്ക് ലോഗിൻ ചെയ്യാന്‍ ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഇന്റർഫേസ് നൽകിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ പിന്തുണയോടെ ഹെൽപ്പ്ഡെസ്ക് ലഭ്യമാണ്. കൂടാതെ, സേവനത്തിന്റെ ലഭ്യതയും ഗുണനിലവാരവും അവലോകനം ചെയ്യുന്നതിനുള്ള നിരീക്ഷണ സംവിധാനമുണ്ട്.

സംസ്ഥാനത്തൊട്ടാകെ ഒരേസമയം 1,00,000 ലധികം ഉപയോക്താക്കൾക്ക്  പബ്ലിക് വൈഫൈയിലൂടെ സേവനങ്ങള്‍ ലഭിക്കും. പ്രതിദിനം ശരാശരി 40,000 സന്ദർശകർ ഈ സേവനം ഉപയോഗിക്കുന്നു.

ഡാറ്റാ ചാർജുകളുമായി ബന്ധപ്പെട്ട സുസ്ഥിരതയാണ് പ്രോജക്ടിന്റെ പ്രത്യേകത. ഡാറ്റാ ഉപയോഗത്തിനായുള്ള ഭാവിയിലെ വിലവർദ്ധനവിനെതിരായുള്ള  നിയന്ത്രണ സംവിധാനമായി പ്രോജക്റ്റ് പ്രവർത്തിക്കുന്നു. നിലവിലെ ഹോട്ട്സ്പോട്ട്‌കളിൽ  ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന്റെ അടിസ്ഥാനത്തിൽ  ബാൻഡ്‌ വിഡ്‌ത്തും ആക്‌സസ്സ് പോയിന്റുകളുടെ എണ്ണവും അന്തിമമാക്കും. 

ഇന്റർനെറ്റ്   അവകാശമാക്കുക എന്ന നയത്തിന്റെയും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ആയാസ രഹിതവും ആക്കുക എന്ന ലക്ഷ്യത്തോടെയും  സർക്കാർ നടപ്പാക്കുന്ന സൗജന്യ വൈഫൈ പദ്ധതിയാണ് കെ- ഫൈ. വിവര സാങ്കേതിക വിദ്യയുടെ  ഗുണഫലങ്ങൾക്കൊപ്പം വിവിധ സർക്കാർ സേവനങ്ങളും  വിവരങ്ങളും  അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

date