ടാര്‍ പാച്ചിംഗ് മെഷീന്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയ കാല്‍വെപ്പാകും. കൊച്ചി മേയര്‍
കൊച്ചിയിലെ പ്രധാന പ്രശ്‌നമായ റോഡിലെ കുഴികള്‍ അടക്കുന്നതിന് ടാര്‍ പാച്ചിംഗ് യന്ത്രം ശാശ്വതമായ പരിഹാരമാകുമെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയ കാല്‍വെയ്പ്പാകുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.
കൊച്ചി നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അതിവേഗത്തില്‍ അടക്കുന്നതിനായി സി എസ് എം എല്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പോട്ട് ഹോള്‍ പാച്ചിംഗ് യന്ത്രത്തിൻ്റെ പ്രവര്‍ത്തന രീതി വിലയിരുത്തുകയായിരുന്നു മേയര്‍.
സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികള്‍ അടയ്ക്കാനാണ് നഗരത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചത്.
കൊച്ചി നഗരസഭയിലെ മുന്‍ കാലഘട്ടങ്ങളിലെ കൗണ്‍സിലുകളുടെ പ്രധാന ആവശ്യമായിരുന്നു പോട്ട് ഹോള്‍/ടാര്‍ പാച്ചിംഗ് മെഷീന്‍. ഒട്ടേറെ ബജറ്റുകളില്‍ പാച്ചിംഗ് മെഷീന്‍ വാങ്ങുന്നതിന് തുക വകയിരുത്തിയിരുന്നെങ്കിലും, പദ്ധതി സഫലമാക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.
1.76 കോടി രൂപ സി.എസ്.എം.എല്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ചാണ് മെഷീന്‍ വാങ്ങിയത്.
പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി വളരെ വ്യാസമുളള കുഴികള്‍ പോലും മെഷീന്‍ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ അടച്ചു തീര്‍ക്കുവാന്‍ കഴിയും. സാധാരണ ടാര്‍ ഉരുക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി എമല്‍ഷന്‍ ടാങ്കില്‍ ടാര്‍ ദ്രാവക രൂപത്തില്‍ നിലനിര്‍ത്താന്‍ പറ്റിയ കോള്‍ഡ് മിക്‌സ് ടെക്‌നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മെഷിനില്‍ തന്നെ മെറ്റലും ഉള്ളതിനാല്‍ രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം കുഴികളില്‍ നേരിട്ട് പമ്പ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കുഴിയടക്കൽ വേഗത്തിലും പൂര്‍ണതയിലും ചെയ്യാന്‍ സാധിക്കും.
സാധാരണയായി ഇത്തരം അറ്റകുറ്റപ്പണിക്ക് സാങ്കേതികാനുമതിയും, ഭരണാനുമതിയും ലഭ്യമാക്കി ടെൻസർ കഴിയുമ്പോഴേക്കും കാലതാമസമുണ്ടാകാറുണ്ട്. ഗതാഗത തടസ്സവും, അപകടങ്ങളും കുഴികള്‍ മൂലം പതിവായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോലി ചെയ്യുന്ന ദിവസത്തിന്റെയും, കുഴികളുടെയും എണ്ണം കണക്കാക്കിയാണ് കരാറുകാരന് തുക നല്‍കുന്നത്. യന്ത്രത്തിൻ്റെ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിര്‍മ്മാതാക്കൾക്കാണ്. തകരാറുകള്‍ പരിഹരിക്കുന്നതും അവര്‍ തന്നെ. അത് കൊണ്ടു തന്നെ നികുതിദായകരുടെ പണം ലാഭിക്കുന്ന നടപടി കൂടിയാണ് പാച്ചിംഗ് മെഷീന്റെ പ്രവര്‍ത്തനമെന്നും മേയര്‍ പറഞ്ഞു.
യന്ത്രത്തിൻ്റെ പ്രവര്‍ത്തനം കമ്മീഷന്‍ ചെയ്യുന്ന വേളയില്‍, മേയറോടൊപ്പം പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ ജോര്‍ജ്ജ് നാനാട്ട്, നഗരസഭ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.എന്‍ ബിജോയ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments