കണയന്നൂർ താലൂക്ക് വികസന സമിതി
*കണയന്നൂർ താലൂക്ക്, എറണാകുളം വില്ലേജ് ഓഫീസുകൾ പുതിയ ഓഫീസിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണം*
കണയന്നൂർ താലൂക്ക്, എറണാകുളം വില്ലേജ് ഓഫീസുകൾ പുതിയ അടിസ്ഥാന സൗകര്യങ്ങളുള്ള ഓഫീസിലേക്ക് മാറ്റുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കുമ്പളം രവിയുടെ അധ്യക്ഷതയിൽ കണയന്നൂർ താലൂക്ക് ഓഫീസിൽ ചേർന്ന വികസന സമിതി യോഗം.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ പാസ്പോർട്ട് ഓഫീസിൽ എത്തിച്ചേരുന്ന പൊതുജനത്തിന് സൗജന്യ വാഹന പാർക്കിംഗ് അനുവദിക്കണമെന്നും അന്യായമായ പിരിവു നിർത്തണമെന്നും വീണ്ടും ആവശ്യമുയർന്നു. തൃപ്പൂണിത്തുറ സ്റ്റാച്യു മുതൽ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിൽ കാൽനട പാതകൾ കൈവരി കെട്ടി സംരക്ഷിക്കണം. മരട് പുല്ലേപ്പടം തോടിൽ അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ പുറം തള്ളുന്നത് തടയണം. റെയിൽവേ ലൈനിന്റെ ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കുമ്പളം പഞ്ചായത്തിന് കീഴിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ ഡ്രെയിനേജ് സംവിധാനം ഒരുക്കണം. കരിങ്ങാച്ചിറ മുതൽ ഇരുമ്പനം വിലക്ക് ജംഗ്ഷൻ വരെയുള്ള റോഡുകളിൽ പടർന്നു പിടിക്കുന്ന കുറ്റിക്കാടുകൾ, പുല്ലുകൾ വെട്ടി സ്ലാബുകളും കോൺക്രീറ്റുകളും സ്ഥാപിക്കണം. ഗാന്ധിനഗർ ഭാഗത്ത് 63-ാം ഡിവിഷനിൽ അന്യായമായി പ്രവർത്തിച്ചു വരുന്ന വാണിജ്യ സ്ഥാപങ്ങൾ ഒഴിപ്പിക്കണം. കോർപറേഷൻ 12-ാം സർക്കിളിനു കീഴിൽ കടകളിൽ നിന്നുള്ള മാലിന്യം തള്ളുന്നതും കത്തിക്കുന്നതും നിരോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. സമീപത്തുള്ള സർവീസ് റോഡുകളിൽ അപകടം സൃഷ്ടിക്കുന്ന തരത്തിൽ കുണ്ടന്നൂർ മഹീന്ദ്ര ഷോറൂമിൽ സർവീസിനായി വരുന്ന കാറുകൾ പാർക്ക് ചെയ്യുന്നത് തടയണം. തൈക്കൂടം ഭാഗത്ത് പുറമ്പോക്ക് ഭൂമികളിൽ നിലം നികത്തി അന്യായമായി ഫ്ലാറ്റ് നിർമാണം നടത്തുന്നതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയർന്നു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments