Skip to main content

വാക്‌സിനേഷന് സമ്മതപത്രം നിര്‍ബന്ധമാക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നു: ജില്ലാ കളക്ടര്‍

ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് വാക്‌സിനേഷന് സമ്മതപത്രം നിര്‍ബന്ധമാണെന്ന് പ്രചരിപ്പിക്കുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ. വാക്‌സിനേഷന് രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കണമെന്ന് ഹൈകോടതി വിധിച്ചിട്ടില്ല. ബലം പ്രയോഗിച്ച് പ്രതിരോധകുത്തിവെപ്പ് നടത്താനാവില്ലെന്ന് മാത്രമാണ് കോടതി വിധിയില്‍ പറയുന്നത്. ഏതെങ്കിലും രക്ഷിതാവിന് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് രേഖാമൂലം അറിയിക്കാമെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. ഇതിനെയാണ് സമ്മതപത്രം നിര്‍ബന്ധമാണെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.
63 ശതമാനം കുട്ടികള്‍ മാത്രമാണ് ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പിന് വിധേയമായിട്ടുള്ളത്. ഇത് നൂറ് ശതമാനത്തിലെത്തിക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. വാക്‌സിന്‍ വിരുദ്ധ പ്രാചാരകര്‍ പ്രതിരോധ കുത്തിവെപ്പിനെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് ജില്ലയില്‍ എം.ആര്‍ വാക്‌സിനേഷന്‍ ലക്ഷ്യം കാണാന്‍ തടസ്സമാകുന്നുണ്ട്. ഇത്തരക്കാര്‍ കോടതിവിധിയെപ്പോലും തെറ്റായി വ്യാഖ്യാനിച്ച്  ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  
മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് എം.ആര്‍ വാക്‌സിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുത്തിവെപ്പെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രവും വാക്‌സിനേഷന്‍ ഫോമും നിര്‍ബന്ധമാക്കണമെന്നതായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കെതിരെ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 

date