Skip to main content

എറണാകുളം സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് (15)

 

ടി ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഐ.എം.എയുടെ മേൽനോട്ടത്തിൽ നടത്തുന്ന കരുതലായ് എറണാകുളം സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് (15 ) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 7.30 മുതൽ സ്പോട് രജിസ്റ്റർ ചെയ്യാം.  രാവിലെ 8.30ന്  കെ.സി.വേണുഗോപാൽ എം പി  ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം.അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉൾപ്പടെയുള്ളവർ പങ്കെടുക്കും. 

എറണാകുളം നിയോജകമണ്ഡലത്തിലെ താമസക്കാരായ അർഹരായ രോഗികൾക്ക് തുടർ ചികിത്സ സൗജന്യമായി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ക്യാമ്പ് ബി.പി.സി.എൽ, കൊച്ചിൻ ഷിപ്യാർഡ്, ജിയോജിത്ത്, പെട്രോനെറ് ഉൾപ്പടെ  സ്ഥാപനങ്ങളുടെയും ജില്ലയിലെ പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. . 

സൗജന്യമായി കണ്ണ് പരിശോധനയും അതിന്റെ ഭാഗമായി ആവശ്യമുള്ളവർക്ക് എല്ലാം തിമിര ശാസ്ത്രകീയയും കണ്ണടകളും വിതരണം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി ഫോം പൂരിപ്പിക്കുന്ന മുഴുവൻ  
ആളുകൾക്കും കമ്പ്ലീറ്റ് ബ്ലഡ് പ്രൊഫൈൽ ടെസ്റ്റും ചെയ്ത് നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നും ഫാസ്റ്റിംഗ്ഗ് ബ്ലഡ് ഷുഗർ പരിശോധിക്കേണ്ടതായ ആളുകൾക്ക് ബ്ലഡ് നൽകിയതിന് ശേഷം കഴിക്കുന്നതിനുള്ള ലഘു ഭക്ഷണം ക്യാമ്പിൽ ലഭ്യമാക്കുമെന്നും ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. 

നിർദ്ദേശിക്കപ്പെടുന്ന മുഴുവൻ ആളുകൾക്കും എക്സ്റേ, ഇ.സി.ജി, മാമ്മോഗ്രാം, സി.ടി സ്‌ക്യാൻ, എം.ആർ.ഐ സ്‌കാൻ ഉൾപ്പടെയുള്ള പരിശോധന ഫലങ്ങൾ സൗജന്യമായി  ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന ഓരോരുത്തരും ക്യാമ്പ് കഴിഞ്ഞു ഇറങ്ങുമ്പോൾ ഫോളോ അപ്പ് കൗണ്ടറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. 

 രാവിലെ 7ന് . ആരംഭിക്കുന്ന ക്യാമ്പിൽ സ്പോട്ട് രജിസ്ട്രേഷൻ സംവിധാനവും ലഭ്യമാണ്. കൊച്ചി കോർപറേഷൻ പരിധിയിൽ ഉള്ള ആളുകളുടെ യു.ഡി.ഐ.ഡി കാർഡുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാര അദാലത്തും സംഘടിപ്പിക്കുന്നുണ്ട്. ഫ്രണ്ട്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ മാനസീക സംഘർഷം അനുഭവിക്കുന്നവർക്കായി ആശാകിരണം ഇമോഷണൽ സപ്പോർട്ട് സെന്റർ, വനിതകൾക്കായി പ്രത്യേകമായി വിമൻസ് വെൽനെസ്സ് ക്ലിനിക്ക്, ചികിത്സ ധനസഹായ പദ്ധതികളുടെ ഏകീകരണത്തിനായി അക്ഷയ ഹെൽപ്പ് സെന്റർ ഉൾപ്പടെയുള്ള സേവനങ്ങളും ക്യാമ്പിൽ ലഭ്യമാവുമെന്നും എംഎൽ എ പറഞ്ഞു.

date