Skip to main content

ക്വാറികളുടെ പ്രവര്‍ത്തനം വിശദമായി അന്വേഷിക്കും: ജില്ലാ കളക്ടര്‍

    ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍,ക്രഷറുകള്‍,അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിപുലമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി പറഞ്ഞു. എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. 
    ആരോഗ്യം, റവന്യൂ,മൈനിംഗ് ആന്റ് ജിയോളജി,പഞ്ചായത്ത് തുടങ്ങി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. ജലമലിനീകരണം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, പ്രദേശത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും അന്വേഷണ വിധേയമാക്കും.  സി കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ സാന്നിധ്യത്തിലാണ് വിവിധവകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നത്.
     ജില്ലയിലെ ക്വാറികളില്‍ ഇതിനോടകം 79 റെയിഡുഖല്‍ നടത്തുകയും അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവയെല്ലാം അടച്ചു പൂട്ടുകയും ചെയ്തു. ക്വാറികളോടനുബന്ധിച്ചു  പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് തഹസില്‍ദാര്‍ സര്‍വേ നടത്തി ഡിസംബര്‍ 15ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
    വളരെ ദാരുണമായ സംഭവമാണ് ഇപ്പോള്‍ നടന്നത്. ഇനി ഇതാവര്‍ത്തി ക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സി കെ ഹരീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു. സാധ്യമായ ഇടങ്ങളില്‍ നിന്നെല്ലാം പണം കണ്ടെത്തി ദുരന്തബാധിതരെ സഹായിക്കും. 
    പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകണ്ഠന്‍, കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍, പെരിങ്കടവിള  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത, ജില്ലാ പോലീസ് മേധാവി (റൂറല്‍) പി അശോക് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) വി വിനോദ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി 1943/2017)
 

date