Skip to main content

കരപ്പുറം കാഴ്ചകള്‍ കാര്‍ഷികമേള: കൃത്യതാ കൃഷിയെക്കുറിച്ച് അറിവു പകര്‍ന്ന് സെമിനാര്‍

ചേര്‍ത്തല പൊലിമ കരപ്പുറം കാഴ്ചകള്‍-2024 കാര്‍ഷിക മേളയുടെ ഭാഗമായി മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 'ഓരോ തുള്ളിയില്‍ നിന്നും കൂടുതല്‍ വിളവ്  ലഭിക്കാന്‍  കൃത്യതാ കൃഷി' എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിയറിങ് കോളേജിലെ ശാസ്ത്രജ്ഞന്‍ ഡോ. വി. എം അബ്ദുല്‍ ഹക്കീം ക്ലാസ് നയിച്ചു. കോട്ടയം കാര്‍ഷിക എഞ്ചിനീയറിങ് വകുപ്പിലെ എഞ്ചിനീയര്‍ വിനയ കൃഷി വകുപ്പ് നടപ്പിലാക്കുന്ന സൂക്ഷ്മ കണിക ജലസേചന പദ്ധതികളെക്കുറിച്ച് കര്‍ഷകര്‍ക്ക്  വിശദീകരിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ സംസ്ഥാന ഹരിതമിത്ര അവാര്‍ഡ് ജേതാവ് എസ് പി സുജിത് പച്ചക്കറി കൃത്യത കൃഷിയിലെ അനുഭവങ്ങള്‍ കര്‍ഷരുമായി പങ്കുവെച്ചു. 
കൃത്യത കൃഷിയില്‍ അനുവര്‍ത്തിക്കേണ്ട പ്രായോഗിക ശാസ്ത്രീയ കര്‍ഷിക മുറകളെക്കുറിച്ച് സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. വിള പരിപാലനം, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കര്‍ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ ഉത്തരം നല്‍കി. 
സെമിനാര്‍ സിനിമ താരവും സംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് അംഗവുമായ അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 150 കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു. തുടര്‍ന്ന് രണ്ട് മണിക്ക് നാടന്‍ പാട്ട് മത്സരം, കൃഷി പാട്ട് മത്സരം എന്നിവ നടന്നു. 4 മണി മുതല്‍ കടക്കരപ്പള്ളി ഗ്രാമഞ്ചായത്തിലെ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  
ഡിസംബര്‍ 22 ന് ഞായറാഴ്ച്ച രാവിലെ  10 മണിക്ക്  ഡ്രോണ്‍ സാങ്കേതിക വിദ്യയെക്കുറിച്ചു സെമിനാര്‍ നടക്കും. കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ഡോ. മനുവല്‍ അലക്‌സ്, ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കോര്‍ഡിനേറ്റര്‍ എ ബി അനൂപ് എന്നിവര്‍ സെമിനാര്‍ നയിക്കും. 2 മണിക്ക് കര്‍ഷിക പ്രശ്‌നോത്തരി ഉണ്ടായിരിക്കും. 4 മണി മുതല്‍ മുഹമ്മ ഗ്രാമപഞ്ചായത്തിലെ കലാകാരമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 7 മണിക്ക് ടീം കണ്ണകി തിരുവനന്തപുരം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ കൈകെട്ടിക്കളി എന്നിവ അരങ്ങേറും. 
കരപ്പുറം കാഴ്ചയോടനുബന്ധിച്ച് ഡിസംബര്‍ 29 വരെ കാര്‍ഷിക എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മേളയിലെ കാര്‍ഷിക പ്രദര്‍ശനം കാണാന്‍ വരുന്ന കര്‍ഷകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും നറുക്കെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഓരോദിവസവും ഒരു കാര്‍ഷക ഉപകരണം സമ്മാനമായി ലഭിക്കും. മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും മെഗാ നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് മെഗസമ്മാനവും സമാപന ദിവസം നല്‍കും. 
(പി.ആര്‍/എ.എല്‍.പി./2739)

date