Skip to main content

കരുതലും കൈത്താങ്ങും താലൂക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം

 

നിയമങ്ങളും ചട്ടങ്ങളും ജനോപകാര പ്രദമായി വ്യാഖ്യാനിക്കണം: 
മന്ത്രി പി. രാജീവ്

നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടത്
ജനോപകാരം ലക്ഷ്യമിട്ടായിരിക്കണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും  അദാലത്ത് ജില്ലയിൽ കൊച്ചി താലൂക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

എല്ലാ നിയമങ്ങളും കൊണ്ടുവരുന്നതിനു പ്രത്യേക ഉദ്ദേശ്യമുണ്ടാകും. ആ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാകണം നിയമങ്ങളുടെ വ്യാഖ്യാനം. നിയമം പാലിച്ചു  വേഗത്തിലുള്ള പരിഹാരം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിൽ പരാതികൾ കുറയുന്നത് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് തെളിവാണെന്നും മന്ത്രി രാജീവ്‌ പറഞ്ഞു.

പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കു പരിഹാരം കാണുക ലക്ഷ്യം - മന്ത്രി പി പ്രസാദ്

സംസ്ഥാന സർക്കാരിൻ്റെ 
നാലാം വാർഷികത്തോടനുബന്ധിച്ചു പൊതു ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണു കരുതലും കൈത്താങ്ങും അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 

 2023 - ൽ സംഘടിപ്പിച്ച അദാലത്തിൽ ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്കാണ് പരിഹാരമുണ്ടായത്.  
അതുകൊണ്ടു തന്നെ ജനങ്ങളുടെ ഇടയിൽ നിന്നും ജനപ്രതിനിധികളുടെ ഇടയിൽ നിന്നും ഉയർന്നുവന്ന ആവശ്യത്തെത്തുടർന്നാണു താലുക്ക് തലത്തിൽ അദാലത് സംഘടിപ്പിക്കുന്നത്. 
പൊതുജനങ്ങൾക്കു ലഭ്യമാകേണ്ട സഹായങ്ങളും സേവനങ്ങളും കാലതാമസം കൂടാതെ അവരിലേക്ക് എത്തിക്കുകയെന്നുള്ളതാണു സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.  എന്നാലും ചിലയിടങ്ങളിൽ സേവനങ്ങളും സഹായങ്ങളും ലഭ്യമാകുന്നതിനു കാലതാമസം ഉണ്ടാകുന്നുണ്ട്.  അത് പരിഹരിക്കുന്നതിനാണ് ഇപ്പോഴത്തെ അദാലത്ത്.

മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ഉദ്ഘാടന യോഗത്തിൽ മേയ൪ അഡ്വ എം. അനിൽ കുമാ൪, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, കെ.ജെ. മാക്സി
എംഎൽഎ, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി, സബ് കളക്ട൪ കെ. മീര, 
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കൊച്ചി കോ൪പ്പറേഷ൯ നാലാം ഡിവിഷ൯ കൗൺസില൪ കെ.എ. മനാഫ്,  ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, തഹസിൽദാർ സുനിത ജേക്കബ് തുടങ്ങിയവ൪ പങ്കെടുത്തു.

date