60 വർഷത്തെ ദുരിതം തീർന്നു, ഹരിയും രമണിയും ഇനി സ്വന്തം ഭൂമിയുടെ ഉടമകൾ
എട്ടു പേർക്കു പട്ടയം
ഇനി ഞങ്ങൾ സ്വസ്ഥമായി ഉറങ്ങും... കഴിഞ്ഞ 60 വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പരിഹാരമായത് - വിതുമ്പലോടെ രമണി പറഞ്ഞു.
വ്യവസായ മന്ത്രി പി രാജീവും കൃഷി മന്ത്രി പി പ്രസാദും പങ്കെടുത്ത കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക് തല അദാലത്തിലാണ് എട്ടു കൂടുബങ്ങളുടെ പട്ടയ പ്രശ്നത്തിനു പരിഹാരമായത്.
കൊച്ചി താലൂക്കിലെ കുഴുപ്പള്ളി അയ്യമ്പിള്ളി സ്വദേശികളായ ദമ്പതികൾ കളത്തിപ്പറമ്പിൽ ഹരിയും രമണിയും തോടരികിലെ സൗകര്യങ്ങൾ തീരെ കുറഞ്ഞ ഒറ്റ മുറി വീട്ടിലാണ് ഈ നാളുകളത്രയും താമസിച്ചിരുന്നത്.
മത്സ്യ ബന്ധന തൊഴിലാളിയായ ഹരിയുടെ തുച്ഛമായ വരുമാനമാണു കുടുബത്തിൻ്റെ ഏക ആശ്രയം.
കഴിഞ്ഞ 60 വർഷമായി സ്വന്തം കിടപ്പാടത്തിനായുള്ള രേഖകൾക്കായി ഈ കുടുംബം ഓടി നടക്കുകയായിരുന്നു.
കുഴുപ്പള്ളി വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം തോട് പുറമ്പോക്കിൽപ്പെട്ട വസ്തുവായിരുന്നു ഹരിയുടേത്.
നിലവിലെ നിയമപ്രകാരം പതിച്ചു കൊടുക്കാൻ കഴിയാതിരുന്ന ഭൂമി ആയതിനാൽ സർക്കാരിൻ്റെ പ്രത്യേക അനുമതി വാങ്ങി. തോട് പുറമ്പോക്ക് റവന്യു പുറമ്പോക്ക് ആക്കി മാറ്റിയ ശേഷമാണ് ഇവരുടെ 13.49 സെന്റിനു പട്ടയം നൽകിയത്.
ഇതേ പ്രശ്നം നേരിട്ട
കുഴുപ്പിള്ളി അയ്യമ്പിള്ളി സ്വദേശികളായ മഹേഷിനും ( 2.2 സെന്റ് ) ഗീതാ പുരുഷനും ( 5.43 സെന്റ് ) പട്ടയം ലഭിച്ചു.
പുതുവൈപ്പ് സ്വദേശികളായ എൽസി, സുചിത്ര , കെ ഡി ജോസഫ്, എൻ കെ നാരായണൻ, വി എൻ സുരേഷ് എന്നിവർക്കും അദാലത്തിൽ പട്ടയം ലഭിച്ചു.
- Log in to post comments