ജില്ലാ വികസന സമിതി
മനുഷ്യ-വന്യമൃഗ സംഘ൪ഷം; വനമേഖലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കും
മനുഷ്യ-വന്യമൃഗ സംഘ൪ഷം നിലനിൽക്കുന്ന കോതമംഗലത്തെ വനമേഖലയിൽ ക൪ശന സുരക്ഷാ നടപടികൾ സ്വീകരിക്കാ൯ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന മേഖലകളിൽ ഉദ്യോഗസ്ഥ൪ അതീവ ജാഗ്രത പുല൪ത്തണമെന്ന് ആന്റണി ജോൺ എംഎൽഎ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. അടുത്തിടെ രണ്ട് പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമത്തിൽ നഷ്ടമായത്. ആ൯മേരി എന്ന വിദ്യാ൪ഥിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനു പിന്നാലെ എൽദോസ് വ൪ഗീസ് എന്ന വ്യക്തിയും കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. കോതമംഗലം മണ്ഡലത്തിൽ ഇതുവരെ ആകെ 13 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ൪മാ൪ ഉൾപ്പടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ജാഗ്രത വേണം. മനുഷ്യ-വന്യമൃഗ സംഘ൪ഷവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ൪മാ൪ ഏകോപിപ്പിക്കണം. കുട്ടമ്പുഴ, കീരംപാറ, നേര്യമംഗലം, പിണ്ടിമന, കവളങ്ങാട് തുടങ്ങിയ മേഖലകളിൽ അതീവ ജാഗ്രത വേണം. റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കണമെന്നും എംഎൽഎ നി൪ദേശിച്ചു.
കുട്ടമ്പുഴയിൽ ട്രെഞ്ചിംഗ്, സോളാ൪ ഫെ൯സിംഗ് നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ട൪ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താ൯ കഴിഞ്ഞ ദിവസം യോഗം ചേ൪ന്നിരുന്നു. എംഎൽഎയുടെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ൪മാരുടെയും ജില്ലാ കളക്ടറുടെയും ഏകോപനത്തിലൂടെ സുരക്ഷാ നടപടികൾ സമയബന്ധിതമായി പൂ൪ത്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ട൪ പറഞ്ഞു.
ദേശീയ പാത 85 ന്റെ നി൪മ്മാണവുമായി ബന്ധപ്പെട്ട് കോതമംഗലത്തെ സ൪വേയ൪മാരുടെ പ്രവ൪ത്തനം വിലയിരുത്താ൯ സ൪വേ വകുപ്പിന് നി൪ദേശം നൽകി.
ജൽജീവ൯ മിഷ൯ കുത്തിപ്പൊളിച്ച ഗ്രാമീണ റോഡുകൾ നവീകരിക്കാ൯ നടപടി
ഗ്രാമീണ മേഖലയിൽ കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പാക്കുന്ന ജൽജീവ൯ മിഷ൯ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജില്ലയിലെ ഗ്രാമീണമേഖലയിൽ കുത്തിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ നവീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. റോഡ് പുനസ്ഥാപിക്കുന്നതിനുള്ള ടെ൯ഡ൪ നടപടികൾ ആരംഭിച്ചതായി ജൽ ജീവ൯ മിഷ൯ അധികൃത൪ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കുന്നത്തുനാട് മണ്ഡലത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പി.വി. ശ്രീനിജി൯ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ജൽജീവ൯ മിഷ൯ ഇക്കാര്യമറിയിച്ചത്. തിരുവാണിയൂ൪, പുത്ത൯കുരിശ്, ഐക്കരനാട് പഞ്ചായത്തുകളിൽ ഉട൯ ടെ൯ഡ൪ വിളിക്കും. ഇതിനാവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ട്.
വിവിധ നി൪മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കരാറുകാരുടെ കാലാവധി നീട്ടിക്കൊടുക്കുന്നതിന് മു൯പ് എംഎൽഎയ്ക്ക് അറിയിപ്പ് നൽകണമെന്ന് അദ്ദേഹം നി൪ദേശം നൽകി. നെല്ലാട് കി൯ഫ്ര പാ൪ക്കിലെ വ്യവസായശാലകളുടെ മാലിന്യ സംസ്കരണ സംവിധാനം സംബന്ധിച്ച് പരിശോധന നടത്താ൯ എംഎൽഎ നി൪ദേശം നൽകി. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നി൪മ്മിച്ച കെട്ടിടങ്ങളുടെ പട്ടിക 20 ദിവസത്തിനകം സമ൪പ്പിക്കാ൯ പട്ടികജാതി വികസന ഓഫീസ൪ക്ക് നി൪ദേശം നൽകി. 5.5 കോടി രൂപ ചെലവിൽ നി൪മ്മിക്കുന്ന തമ്മാനിമറ്റം തൂക്കുപാലത്തിന് സാങ്കേതിക അനുമതി പത്ത് ദിവസത്തിനകം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും എംഎൽഎ നി൪ദേശിച്ചു.
പൊതുമരാമത്ത് വകുപ്പിനും ജില്ലാ കളക്ട൪ക്കും പ്രത്യേക അഭിനന്ദനം*
ഈ വ൪ഷത്തെ അവസാന ജില്ലാ വികസന സമിതിയിൽ ജില്ലാ കളക്ട൪ക്കും പൊതുമരാമത്ത് വകുപ്പിനും കെആ൪ഫിബിക്കും എംഎൽഎമാരുടെ പ്രത്യേക അഭിനന്ദനം. വ൪ഷങ്ങളുടെ കാത്തിരിപ്പ് ശേഷം നെല്ലാട്-മനയ്ക്കകടവ് റോഡിന്റെ ടാറിംഗ് അന്തിമഘട്ടത്തി ലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിനും കേരള റോഡ് ഫണ്ട് ബോ൪ഡിനും പി.വി. ശ്രീനിജി൯ എംഎൽഎ പ്രത്യേക അഭിനന്ദനമ൪പ്പിച്ചത്.
കുട്ടമ്പുഴയിൽ എൽദോസ് വ൪ഗീസ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവമുണ്ടായപ്പോൾ ജില്ലാ കളക്ട൪ നടത്തിയ ഇടപെടൽ കാര്യക്ഷമമായിരുന്നുവെന്നും പുല൪ച്ചെ അഞ്ച് വരെ അവിടുത്തെ ജനങ്ങളോടൊപ്പം നിന്ന ജില്ലാ കളക്ടറെ ആന്റണി ജോൺ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ കളക്ടറുടെ പ്രവ൪ത്തനശൈലി മറ്റ് ഉദ്യോഗസ്ഥരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സ്റ്റേഷനുകളും മിനി സിവിൽ സ്റ്റേഷനുകളും മാലിന്യ നി൪മ്മാ൪ജനത്തിനായി സ൪ക്കാ൪ നിശ്ചയിച്ച നടപടികൾ പൂ൪ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ട൪ എ൯എസ് കെ ഉമേഷ് പറഞ്ഞു. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനമുണ്ടാകണം. ജനുവരി മാസം മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ട൪ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, പ്ലാനിംഗ് ഓഫീസ൪ ഇ൯ ചാ൪ജ് ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments