Skip to main content

എറണാകുളം ജില്ലാ ക്ഷീരസംഗമം ജനുവരി രണ്ടിന്*

 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യവ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിസംബ൪ 28 ന് നിശ്ചയിച്ചിരുന്ന ജില്ലാ ക്ഷീരസംഗമം ജനുവരി രണ്ടിന് നടക്കും. തിരുമാറാടി ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ അങ്കണത്തിൽ ക്ഷീര സംഗമം പരിപാടികൾ നടക്കും. 

 

ജനുവരി രണ്ടിന് രാവിലെ 7.30 ന് തിരുമാറാടി ക്ഷീരസംഘത്തിൽ ഇ ആർ സി എം പി യു ചെയർമാൻ എം ടി ജയൻ പതാകയുയർത്തി ക്ഷീരസംഗമത്തിന് തുടക്കം കുറിക്കും. 9.30 ന് പൊതുസമ്മേളനം ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നിയമ - വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ, ജില്ലയിലെ മറ്റ് എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ, മിൽമ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര സംഘം പ്രതിനിധികൾ, ക്ഷീര കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളേയും ആദരിക്കൽ (മികവ്), ഡയറി എക്സിബിഷൻ (കാഴ്ച), ചികിത്സാ ക്യാമ്പ് (ശ്രേയസ്), സംഘം ജീവനക്കാർക്കുള്ള ക്വിസ് മത്സരം, കലാപരിപാടികൾ (അരങ്ങ്) തുടങ്ങിയവയും സംഘടിപ്പിക്കുന്നു. 

 

തുടർന്ന് 'സമന്വയം' സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് അധ്യക്ഷത വഹിക്കും.

date