കരം ഇനി ശരിയായി അടയ്ക്കാം, ഷാജിക്ക് മന്ത്രി രാജീവ് സാക്ഷ്യപത്രം കൈമാറി
ചോറ്റാനിക്കര സ്വദേശി എ ടി ഷാജി യുടെ വസ്തുവിന്റെ ശരിയായ സര്‍വെ നമ്പര്‍ കാണിച്ചുള്ള സാക്ഷ്യപത്രം കരുതലും കൈത്താങ്ങും അദാലത്തില്‍ മന്ത്രി പി രാജിവ് കൈമാറി.
1995ലാണ് നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി സെല്‍വരാജില്‍ നിന്ന് മൂന്ന് ആര്‍ 74 ചതുരശ്ര മീറ്റര്‍ ഭൂമി ഷാജി വാങ്ങുന്നത്. റീസര്‍വേ നമ്പര്‍ ആധാരത്തില്‍ തെറ്റായി രേഖപ്പെടുത്തി എന്നായിരുന്നു ഷാജിയുടെ പരാതി. ഇതിനാല്‍ കരം അടയ്ക്കാനോ ശരിയായ ഭൂമി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനോ സാധിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. രണ്ടര പതിറ്റാണ്ടിലേറെ ആയി തെറ്റായ സര്‍വെ നമ്പറിലെ ഭൂമിക്കാണു കരം അടച്ചതെന്നും ഷാജി പറഞ്ഞു.
സ്ഥലപരിശോധന നടത്തിയതിലും വില്ലേജ് രേഖകള്‍ പരിശോധിച്ചതിലും അപേക്ഷകന്റെ ആധാരത്തിലെ സര്‍വെ നമ്പറും കൈവശ വസ്തുവിന്റെ സര്‍വ്വേ നമ്പറും വ്യത്യസ്തമാണെന്നും ആധാര പ്രകാരമുള്ള സര്‍വെ നമ്പറിലെ വസ്തു മറ്റൊരാളുടെ കൈവശത്തില്‍ ഇരിക്കുന്നതാണെന്നും കണയന്നൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ശരിയായ സര്‍വ്വേ നമ്പര്‍ സംബന്ധിച്ച് സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍ അനുവദിച്ചു. മന്ത്രി പി രാജിവ് ഇത് ഷാജിക്ക് കൈമാറി.
ഈ സാക്ഷ്യപത്രം ഉപയോഗിച്ച് പിഴതിരുത്താധാരം നിര്‍മിച്ച് ഹാജരാക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ പരാതിക്കു പരിഹാരം ഉണ്ടായ സന്തോഷത്തോടെയാണ് ഷാജി മടങ്ങിയത്.
- Log in to post comments