Skip to main content

അറിയിപ്പുകൾ 2

ലീഗല്‍ മെട്രോളജി അദാലത്ത് 31 വരെ

പുന:പരിശോധന നടത്തി മുദ്ര ചെയ്യാന്‍ സാധിക്കാതിരുന്ന കുടിശികയായ എല്ലാ അളവു തൂക്ക ഉപകരണങ്ങളും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പ് അദാലത്ത് 31 ന് അവസാനിക്കും. 500 രൂപ രാജി ഫീസും ഉപകരണത്തിന്റെ മുദ്ര ഫീസും പരമാവധി ആറു ക്വാര്‍ട്ടര്‍ കാലാവധിയുടെ അധിക ഫീസും നല്‍കി ബന്ധപ്പെട്ട ലീഗല്‍ മെട്രോളജി ഓഫീസര്‍ മുമ്പാകെ അളവ് തൂക്ക ഉപകരണം ഹാജരാക്കേണ്ടതാണ്.

കൊച്ചി കോര്‍പറേഷനില്‍

സിഡിഎസ് റിസോഴ്‌സ്

പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്

കുടുംബശ്രീ എന്‍യുഎല്‍എം രണ്ടാംഘട്ടം പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊച്ചി കോര്‍പ്പറേഷനിലെ സിഡിഎസുകള്‍ക്കായി പൈലറ്റ് കാലയളവിലേക്ക് കമ്മ്യുണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യതകളും മാനദണ്ഡങ്ങളും ചുവടെ ചേര്‍ക്കുന്നു.

1. നഗരസഭാ പരിധിയില്‍ വരുന്ന ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സിഡിഎസുകളിലെ അയല്‍ക്കൂട്ട അംഗം അല്ലെങ്കില്‍ ഓക്‌സിലറി ഗ്രുപ്പ് അംഗം ആയിരിക്കണം.

2. അയല്‍ക്കൂട്ട അംഗമാണെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ അംഗത്വവും ഓക്‌സിലറി ഗ്രൂപ്പ് അംഗമാണെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ അംഗത്വവും

3. പ്രായം 18 നും 45 നും ഇടയിലായിരിക്കണം. എന്നാല്‍ നിലവില്‍ എന്‍യുഎല്‍എം പദ്ധതിയുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ സിആര്‍പി ആയി അപേക്ഷിക്കുന്നപക്ഷം പ്രായപരിധി ബാധകമല്ല.

4. സാമൂഹിക വികസന CLID (Community Led Institution Development) പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില അറിവും വൃക്തതയും.

5. അയല്‍ക്കൂട്ട പ്രവര്‍ത്തനം, ബുക്ക് മാനേജ്‌മെന്റ്, ലഘുസമ്പാദ്യ വായ്പാ പ്രവര്‍ത്തനം, ഗ്രേഡിംഗ് എന്നിവയെക്കുറിച്ച് അവഗാഹമുണ്ടായിരിക്കണം

6. ബാങ്ക, നഗരസഭ, മിഷന്‍ ഉദ്യോഗസ്ഥര്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്റ്റോക്ക് ഹോള്‍ഡര്‍മാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഏകോപനം ഉറപ്പാക്കാനുമുള്ള കാര്യശേഷി.

7. അയല്‍ക്കൂട്ടങ്ങള്‍, സിഐജികള്‍ എന്നിവര്‍ക്കു പരിശിലനം നല്‍കാനുള്ള കാര്യശേഷിയും ആശയ വിനിമയശേഷിയും.

8. ഡിജിറ്റല്‍ ബാങ്കിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ അവഗാഹം.

9. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് റിയല്‍ ടൈം ഡാറ്റാ അപ്‌ഡേഷന്‍ ചെയ്യേണ്ടതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരും ഉപയോഗിക്കാന്‍ അറിയുന്നവരും ആയിരിക്കണം.

10. വിദ്യാഭ്യാസ യോഗ്യത - പ്ലസ്ടു

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ജനുവരി 08 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കാക്കനാട്, 682030 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

പോലീസ് കോണ്‍സ്റ്റബിള്‍

കായിക ക്ഷമതാ പരീക്ഷ

കേരള പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സായുധ ബറ്റാലിയന്‍) കെഎപി 1 എറണാകുളം (കാറ്റഗറി 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ജനുവരി 07, 08, 09, 10, 13, 14, 15 തീയതികളില്‍ ഗവ. വിഎച്ച്എസ്എസ് ചോറ്റാനിക്കര, ഗവ. പോളിടെക്‌നിക് കളമശേരി എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളില്‍ രാവിലെ 5.30 മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജും എസ് എം എസും അയച്ചിട്ടുണ്ട്.

അര്‍ഹരായവര്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ/ഡിക്ലറേഷന്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൃത്യസമയത്ത് നിര്‍ദ്ദിഷ്ടസ്ഥലത്ത് ഹാജരാകേണ്ടതാണെന്നു പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ അയക്കാം.

ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം. എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും

ഒളിമ്പിക്സ് മാതൃകയില്‍ കൊച്ചിയില്‍ നവംബറില്‍ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ മികച്ച ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതു വിദ്യാഭ്യാസ വകുപ്പ് സമ്മാനം നല്‍കും.

ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ- പത്ര -വീഡിയോ എക്സിബിഷനില്‍ ഗ്യാലപ് പോളിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക.

-സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ, മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകണം ഫോട്ടോകള്‍. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി, പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് മള്‍ട്ടിമീഡിയ എക്സിബിഷന്‍ നടത്തും. കാണികള്‍ തിരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്കും ലേ ഔട്ടിനും ആയിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും സര്‍ട്ടിഫിക്കറ്റും കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ഒരു ഫോട്ടോഗ്രാഫര്‍ക്ക് മൂന്ന് ഫോട്ടോകളും ഒരു പത്രത്തില്‍ നിന്ന് മൂന്ന് ലേഔട്ടും അയക്കാം. schoolgameskerala@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നുള്ളില്‍ എന്‍ട്രികള്‍ ലഭിച്ചിരിക്കണം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447202479

സ്‌കൂള്‍ കലോത്സവ ഫോട്ടോകള്‍ ക്ഷണിക്കുന്നു.

ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി, പൊതുവിദ്യാഭ്യാസ വകുപ്പ്, പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മള്‍ട്ടിമീഡിയ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു' കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം. ഇതിനായി പോയകാല കലോത്സവത്തിലെ അസുലഭ ഫോട്ടോകള്‍ ക്ഷണിക്കുന്നു. ഫോട്ടോകള്‍ കൈവശമുള്ള ആര്‍ക്കും schoolkalolsavamphotos@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് മെയില്‍ ചെയ്യാം. സംഘാടക സമിതി തിരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ എന്‍ലാര്‍ജ് ചെയ്ത് കലോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9447202479

സംരംഭകത്വ പരിശീലന പരിപാടി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി ജനുവരിയില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446544586, 9496674508

മാപ്പിള കലാരൂപങ്ങള്‍

അഴകേറ്റുന്ന

ഇശല്‍ ഫെസ്റ്റ് അഞ്ചിന്

വൈപ്പിന്‍ ഫോക് ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇശല്‍ ഫെസ്റ്റ് ജനുവരി അഞ്ചിന് രാവിലെ 10 മുതല്‍ എടവനക്കാട് എ എ സെയ്തുമുഹമ്മദ് റോഡിലെ എസ്എന്‍ സംഘം ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ റഷീദ് മോങ്ങത്തിന്റെ പാട്ടും പറച്ചിലും പരിപാടിക്ക് ശോഭ പകരും.

കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇശല്‍ ഫെസ്റ്റില്‍ എടവനക്കാട് ഗ്രാമപഞ്ചായത്തും സഹകരിക്കുന്നുണ്ട്. ജനകീയ കലാരൂപങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, കോല്‍ക്കളി എന്നിവയില്‍ സംസ്ഥാനതല മത്സരമാണ് ഇശല്‍ ഫെസ്റ്റിലുള്ളത്. മത്സരങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും ഉള്‍പ്പെടെ ഇശല്‍ ഫെസ്റ്റില്‍ സമ്മാനിക്കും.

സബ് ജൂനിയര്‍12 വയസ്സ് വരെ, ജൂനിയര്‍ 13 - 18വരെ, സീനിയര്‍18 മുകളില്‍ 50 വയസ്സ് വരെ, സീനിയര്‍ സീനിയര്‍ 50 ന് മുകളില്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മാപ്പിളപ്പാട്ട് മത്സരം. മാപ്പിള കലാരൂപങ്ങള്‍ അവതരിപ്പിക്കാനും അവസരമുണ്ടാകും.

ഇശല്‍ ഫെസ്റ്റ് ചലച്ചിത്ര നടന്‍ മജീദ് ഉദ്ഘാടനം ചെയ്യും. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുള്‍ സലാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, വൈസ് പ്രസിഡന്റ് വി കെ ഇക്ബാല്‍, കരോക്കെ ഗാനമേള കലാകാരന്‍ അബ്ദുള്‍ ഗഫൂര്‍, മാപ്പിള കലാകാരന്‍ സിറാജുദ്ദീന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവന്‍ മിത്ര, പഞ്ചായത്തംഗങ്ങളായ കെ ജെ ആല്‍ബി, ബിന്ദു ബെന്നി, സുനൈന സുധീര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗിരിജ ഷാജി ഉള്‍പ്പടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ അണിനിരക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9744555359.

date