Skip to main content

ജൂഡിന് ആശ്വസിക്കാം, കെട്ടിട നമ്പർ അടിയന്തരമായി അനുവദിക്കാൻ നിർദേശം

കൊച്ചി വടുതല സ്വദേശി ജൂഡ് തദ്ദേവൂസിന്റെ കെട്ടിടത്തിന് നമ്പർ അടിയന്തരമായി അനുവദിക്കാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കു മന്ത്രി പി പ്രസാദിൻ്റെ നിർദേശം.

നഗരസഭ കെട്ടിടത്തിന് അനുമതി നൽകിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ നമ്പർ അനുവദിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.

2008 ലാണ് കൊച്ചി കോർപറേഷൻ 32-ാം ഡിവിഷനിൽ ജൂഡിൻ്റെ കെട്ടിട നിർമാണത്തിന് പെർമിറ്റ് ലഭിക്കുന്നത്. 2011- ൽ ആദ്യ നിലയുടെ പണിപൂർത്തീകരിച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടി. നികുതിയും അടയ്ക്കുന്നു. കെട്ടിടത്തിൻ്റെ

മൂന്നാം നില നിർമിക്കാൻ 2023 നവംബറിൽ പെർമിറ്റ് കിട്ടി.

പെർമിറ്റിനു വിധേയമായി രണ്ടാം നിലയുടെ നിർമ്മാണം പൂർത്തീകരിച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 2015 ഏപ്രിലിൽ അപേക്ഷ നൽകിയിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്കു താൽക്കാലിക നമ്പർ ലഭിച്ചശേഷം 2016 മാർച്ച് മുതൽ നികുതി അടച്ചു വരുന്നതുമാണ്. സ്ഥിരം നമ്പറിനു വേണ്ടി കഴിഞ്ഞ ജൂണിൽ വീണ്ടും അപേക്ഷ നൽകി. എന്നാൽ മൂന്നാം നിലയ്ക്കു വേണ്ടത്ര സെറ്റ് ബാക്ക് (റോഡിൽ നിന്നുള്ള നിശ്ചിത ദൂരം) ഇല്ലായെന്ന കാരണത്താൽ കോർപ്പറേഷൻ ഇതു നിരസിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയ്ക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി സമർപ്പിച്ച അപേക്ഷയിൽ നഗരസഭ നടത്തിയ പരിശോധനയിൽ അപാകതകൾ നിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നിരസിക്കുകയായിരുന്നു എന്ന് നഗരസഭ അധികൃതർ അറിയിച്ചു. ചട്ട പ്രകാരം ആദ്യ രണ്ടു നിലകൾക്ക് സർട്ടിഫിക്കറ്റ് അനുവദിച്ചുവെന്നും നഗരസഭ മറുപടി നൽകി. അതിനുശേഷം അനധികൃതമായി നിർമ്മിച്ചു എന്ന കാരണത്താൽ മൂന്നാം നില പൊളിക്കുന്നതിനുള്ള സ്ഥിരീകരണ ഉത്തരവ് 2023 നവംബറിൽ കോർപ്പറേഷൻ കൊടുത്തിരുന്നു. ഇതിനെതിരെ ജൂഡ് തദ്ദേവൂസ് തദ്ദേശ സ്വയം ഭരണവകുപ്പ് ഓംബുഡ്‌സ്‌മാനിൽ കേസ് നൽകി സ്റ്റേ വാങ്ങി .

എന്നാൽ നിർമ്മാണ പെർമിറ്റ് പ്രകാരം മൂന്നാം നിലയ്ക്ക് അതിരിൽ നിന്നും ഒരു മീറ്റർ സെറ്റ് ബാക്ക് ഇട്ടിട്ടുളളതിനാൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നായിരുന്നു ജൂഡിന്റെ ആവശ്യം. ഏഴു മീറ്റർ വരെ ഉയരമുള്ള കെട്ടിടം മാത്രമേ നിർമിക്കാൻ സാധിക്കുകയുള്ളുവെന്ന് നഗരസഭ അറിയിച്ചു. തുടർന്ന്,

പെർമിറ്റ് നൽകിയത് ചട്ടവിരുദ്ധമാണെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊച്ചി നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം കെട്ടിട നമ്പർ അനുവദിക്കാനും നിർദേശിച്ചു.

date