Skip to main content

സയന്റിസ്റ്റ് കോൺക്ലേവ് 15 ന്: മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കും

               കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന സയന്റിസ്റ്റ് കോൺക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽ നടക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നിർവചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയാണ് സംവാദത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.

പരിപാടിയിൽ കെഎസ്‌സിഎസ്ടിഇ – ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഭവന ട്രെയിനീസ് ഹോസ്റ്റൽ സമുച്ചയത്തിന്റെയും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജലശേഖരണ വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടവും മുഖ്യമന്ത്രി നിർവഹിക്കും. എംഎൽഎ പി ടി എ റഹീം ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിഡബ്ല്യൂആർഡിഎം-ൽ പുതുതായി നിർമിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പുതുതായി തയ്യാറാക്കിയ എക്സിബിഷൻ ഹാളിന്റെ ഉദ്ഘാടനം എം കെ രാഘവൻ എംപിയും നിർവഹിക്കും.

പി.എൻ.എക്സ് 688/2025

date