ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം നാളെ (ഫെബ്രുവരി 15) ; കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും
പത്തനംതിട്ട നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും നാളെ (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.
വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിമ പിറന്നത് തോമസിന്റെ കരവിരുതില്‍
മഹാത്മാ ഗാന്ധിയുടേതുള്‍പ്പെടെ ജീവസുറ്റ നിരവധി പ്രതിമകള്‍ നിര്‍മിച്ച കോട്ടയം തെങ്ങണ സ്വദേശി തോമസ് ജോസഫാണ് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന കെ.കെ. നായരുടെ പൂര്‍ണകായ പ്രതിമയൊരുക്കിയത്. നാലു മാസം കൊണ്ടാണ് കോണ്‍ക്രീറ്റില്‍ എട്ടടി ഉയരമുള്ള പ്രതിമ തയ്യാറാക്കിയത്. സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ ആകെ 14 അടിയാണ് ഉയരം. കെ.കെ. നായരുടെ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ച് വിശദമായ പഠനം നടത്തിയശേഷമാണ് പ്രാരംഭ ജോലികള്‍ ആരംഭിച്ചതെന്ന് തോമസ് പറഞ്ഞു. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെയും അടൂര്‍ ടൗണിലെയും ഗാന്ധി പ്രതിമകള്‍ നിര്‍മിച്ചത് തോമസാണ്. ചങ്ങനാശേരിയില്‍ പേട്രന്റ് സെയന്റ് എന്ന ശില്‍പ്പകലാ സ്ഥാപനം നടത്തുന്നുണ്ട്.
- Log in to post comments