യുജിസി കരട് റെഗുലേഷൻ : ദേശീയ ഉന്നതവിദ്യാഭ്യാസ കൺവൻഷൻ നാളെ
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 6ലെ യുജിസി കരട് റെഗുലേഷനുകൾ സംബന്ധിച്ച ദേശീയ കൺവെൻഷൻ നാളെ (ഫെബ്രുവരി 20) തിരുവനന്തപുരത്ത് ചേരും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലുവും കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാൻ എന്നിവരും കൺവെൻഷനിൽ വിശിഷ്ടാതിഥികളാണ്. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൺവെഷനിൽ പങ്കെടുക്കും.
റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ കൺവൻഷനിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ എന്നിവർ പ്രഭാഷണം നടത്തും. ജെ.എൻ.യു പ്രൊഫസർ എമെറിറ്റസ് പ്രഭാത് പട്‌നായിക് പ്രഭാഷണം നടത്തും. ഭരണ-പ്രതിപക്ഷ എംഎൽഎമാരും ചീഫ് സെക്രട്ടറി ഉൾപ്പടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികളുടെ മേധാവികളും വിവിധ സർവ്വകലാശാലാ നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും അനധ്യാപക ജീവനക്കാരും കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷനു ശേഷം ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് മറ്റു സംസ്ഥാന മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും സംയുക്ത വാർത്താ സമ്മേളനം നടത്തും.
അമിതാധികാര കേന്ദ്രീകരണ സമീപനത്തോടുകൂടിയ കേന്ദ്രസർക്കാരിന്റെയും യുജിസിയുടെ ഇടപെടലിനെ പ്രതിരോധിക്കുന്ന ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണവേദി എന്ന നിലയിലാണ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നത്.
പി.എൻ.എക്സ് 789/2025
- Log in to post comments