Skip to main content

ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാരുടെ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ചർച്ചയുടെ അടിസ്ഥാനത്തിൽ ആശമാരുടെ സർക്കുലർ പരിഷ്‌കരിക്കുന്നതിനായി ആരോഗ്യ വകുപ്പിലേയും എൻ.എച്ച്.എം.ലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും ഈ കമ്മിറ്റി പഠനം നടത്തി ഉപാധിരഹിത ഓണറേറിയം സംബന്ധിച്ച തീരുമാനത്തിനായി രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുവാനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഏഴാം തീയതി സമിതി രൂപീകരിച്ച് ഉത്തരവായിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓണറേറിയത്തിനായുള്ള മുഴുവൻ ഉപാധികളും ഒഴിവാക്കാൻ തീരുമാനിച്ചത്.

ആശമാർ ഉന്നയിച്ചിരുന്ന മറ്റൊരു ആവശ്യമായ ശൈലി ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിർത്തലാക്കാൻ ഇ ഹെൽത്തിന് നിർദേശം നൽകി. ആശമാർക്ക് 3 മാസത്തെ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓണറേറിയം വിതരണം ചെയ്യും. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എൻ.എക്സ് 790/2025

date