ഒരുകാലത്തിന്റെകഥയുമായി അരിക് പ്രേക്ഷകർക്ക് അരികിൽ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി) നിര്‍മ്മിച്ച് വി. എസ്. സനോജ് സംവിധാനം ചെയ്ത 'അരിക്' തിയേറ്ററുകളില്‍ എത്തി. കേരളത്തില്‍ മുപ്പതിലേറെ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി / പട്ടികവര്‍ഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി ഈ സിനിമ നിര്‍മ്മിച്ചത്. ഈ പദ്ധതി പ്രകാരം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ ചിത്രമാണ് 'അരിക്'.
ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് 'അരിക്' എന്ന് സംവിധായകന്‍ വി.എസ്. സനോജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഉടനീളം നടത്തിയ സഞ്ചാരങ്ങള്‍ നല്‍കിയ അനുഭവങ്ങള്‍ ഈ ചിത്രത്തിനെ സ്വാധീനിച്ചിട്ടുണ്ട്. നീണ്ട ഒരു രാഷ്ട്രീയ കാലത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വളരെ പ്രസക്തമായ സാമൂഹിക പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സനോജ് പറഞ്ഞു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ഉള്‍ക്കാഴ്ച്ചയോടുകൂടി തയ്യാറാക്കിയ സിനിമയാണ് 'അരിക്' എന്ന് ചിത്രത്തിലെ പ്രധാന അഭിനേതാവും കെ എസ് എഫ് ഡി സി ഭരണസമിതി അംഗവുമായ ഇര്‍ഷാദ് പറഞ്ഞു. ഒരു പാന്‍ ഇന്ത്യന്‍ പ്രമേയമാണ് ചിത്രത്തിന്. അതുകൊണ്ടുതന്നെ കേരളത്തിനു പുറത്തുള്ള സിനിമ പ്രേക്ഷകരെയും ചിത്രം ആകര്‍ഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഉള്ളടക്കത്തിന്റെ ബലത്തോടെയാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത് എന്ന് അഭിനേത്രി ധന്യ അനന്യ പറഞ്ഞു. ഈ സിനിമ ഉള്ളടക്കത്തിന്റെ നിലവാരം പരിഗണിച്ചുകൊണ്ടാണ് കെ എസ് എഫ് ഡി സി തെരഞ്ഞെടുത്തത് എന്നും ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സിനിമ പദ്ധതി പ്രകാരം 2020-2021 വര്‍ഷത്തില്‍ ഒന്നാമതായി തെരഞ്ഞെടുത്ത സിനിമയാണ് 'അരിക്' എന്ന് കെ എസ് എഫ് ഡി സി കമ്പനി സെക്രട്ടറി വിദ്യ ജി. പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം, വനിതാ വിഭാഗം എന്നിവയിലായി കെ എസ് എഫ് ഡി സി നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് പുരോഗമിക്കുന്നു എന്ന് ഫിലിം ഓഫീസര്‍ ശംഭു പുരുഷോത്തമന്‍ പറഞ്ഞു. പ്രസ്തുത പദ്ധതി പ്രകാരം കെ എസ് എഫ് ഡി സി നിര്‍മ്മിച്ച് മനോജ് കുമാര്‍ സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രം മാര്‍ച്ച് ഏഴിന് തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അരിക്', 'പ്രളയശേഷം ഒരു ജലകന്യക' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം തിരുവനന്തപുരം 'ശ്രീ' തിയേറ്ററില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഇന്നലെ (28 ഫെബ്രുവരി 2025) നിര്‍വഹിച്ചിരുന്നു.
- Log in to post comments