Skip to main content

ആരോഗ്യം ആനന്ദം അകറ്റാം അർബുദം: എറണാകുളം ജില്ലയിൽ കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു*

ആരോഗ്യം ആനന്ദം അകറ്റാം അർബുദം

എറണാകുളം ജില്ലയിൽ കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഇതുവരെ 34,338 പേരെ സ്‌ക്രീനിംഗ് നടത്തി. ഇതിൽ 2,332 പേരെ തുടർ പരിശോധനയ്ക്ക് റഫർ ചെയ്‌തു. ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പേരിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ നടക്കുന്ന കാൻസർ പ്രതിരോധ കാമ്പയിന്റെ ഭാഗമായി 30 വയസ്സിന് മുകളിലുളള സ്‌ത്രീകളിൽ സ്‌തനാർബുദം, ഗർഭാശയ ക്യാൻസർ എന്നിവ നേരത്തേ തന്നെ കണ്ടെത്തി രോഗത്തെ പൂർണ്ണമായും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്റെ ഭാഗമായി സ്‌ക്രീനിംഗും ബോധവത്കരണപരിപാടികളും നടത്തുന്നത്. ജില്ലയിൽ 30 വയസ്സിന് മുകളിലുളള 700951 സ്‌ത്രീകളാണുളളത്. ജില്ലയിലെ 132 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലാണ് സ്‌ക്രീനിംഗിന് സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. ഇതിനുപുറമെ സ്വകാര്യ ആശുപത്രികൾ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, സാക്ഷരത പ്രേരക്, വനിത ശിശു വികസന വകുപ്പ്, വിവിധ ട്രേഡ് യൂണിനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ക്യാമ്പുകൾ നടത്തി വരുന്നു. ഇൻഫോ കാക്കനാട് പാർക്കിന്റെ സഹകരണത്തോടെ 200-ൽ അധികം ജീവനക്കാരിൽ മെഗാ സ്‌ക്രീനിംഗ് നടത്തി. കൂടുതൽ പേർക്ക് വീണ്ടും സ്ക്രീനിംഗ് പരിപാടി സജ്ജീകരിക്കുന്നുണ്ട്.കൊച്ചി മെട്രോയുമായി ചേർന്ന് ബോധവൽക്കരണവും സ്‌ക്രീനിംഗും നടത്തി വരുന്നു. 

 

ഇന്ന്‌ (മാർച്ച് ഒന്ന് ) കളക്‌ടറേറ്റിലെ വനിതാ ജിവനക്കാർക്കായി വിപുലമായ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്‌ ഐ എ എസ് കളക്ടറേറ്റിലെ മെഗാ കാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലയിലെ കാമ്പയിൻ വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചു.

 

 

 

 

                                                                                                                                                   

 

 

 

 

 

date