സൗരോർജ തൂക്കുവേലി മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുo: മന്ത്രി എ.കെ ശശീന്ദ്രൻ
നിർമ്മാണോദ്ഘാടനം നിർവഹിച്ചു
സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതോടെ വേങ്ങൂർ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കപ്പെടുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ 30 കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായി അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് നബാർഡിൻ്റെ സഹായത്തോടെ 3.73 കോടി രൂപ ചെലവിൽ തുകയിൽ മലയാറ്റൂർ ഡിവിഷനിൽ കോട്ടപ്പാറ റിസർവിന് ചുറ്റുമായി അയനിച്ചാൽ മുതൽ പാണിയേലി വരെയാണ് സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നത്.
കോതമംഗലം മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ഏകദേശം ഏഴ് കോടിയോളം രൂപയുടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതന്നും പദ്ധതികൾ നടപ്പിലായ പ്രദേശത്ത് പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഇതുകൊണ്ടൊന്നും പ്രവർത്തനങ്ങൾ തീരുന്നില്ല. നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി വയനാട്ടിൽ പരീക്ഷിച്ച് വിജയം കണ്ട നൂതന വേലി (ഫെൻസിങ് ) സംവിധാനം കോതമംഗലത്തും സ്ഥാപിക്കുകയാണ്. ആദ്യഘട്ടത്തിൽ 500 മീറ്റർ നീളത്തിലാണ് എ.ഐ വേലി സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 450 മീറ്ററിലും. താരതമ്യേന ചെലവ് കൂടിയതും എന്നാൽ ഏറെ ഫലപ്രദവുമായ ഈ രീതി കൊച്ചിൻ ഷിപ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കുംഭാഗം സെൻ്റ് ജോർജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ അധ്യക്ഷനായി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ഡി.എഫ്.ഒ മാരായ രവികുമാർ മീണ, എം.വെങ്കിടേശ്വരൻ, ആർ ലക്ഷ്മി, മലയാറ്റൂർ ഡിവിഷൻ എ.ഡി.സി. എഫ് ആർ. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആശ അജിൻ, ലിസി ജോസഫ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് അയ്യപ്പൻ, അഡ്വ. ബിജി.പി.ഐസക്ക്, സണ്ണി വർഗീസ്, സാറാമ്മ ജോൺ, പിണ്ടിമന ഗ്രാമപഞ്ചായത്ത് മെമ്പർ സിബി പോൾ, എസ്.എം അലിയാർ,വേങ്ങൂർ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ഷിജോ, ബേസിൽ കല്ലറയ്ക്കൽ, രാഷ്ട്രീയ പ്രതിനിധിയായ കെ.എ ജോയി, സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരശൻ, മലയാറ്റൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
- Log in to post comments