Skip to main content

മേല്‍പാലങ്ങള്‍ക്കടിയില്‍ ഉല്ലസിക്കാം, ആരോഗ്യം സംരക്ഷിക്കാം; കൊല്ലത്ത് 'വീ' പാര്‍ക്ക് തുറന്നു

കൊല്ലം എസ്.എന്‍ കോളേജ് ജങ്ഷന് സമീപം റെയില്‍വേ മേല്‍പാലത്തിന്റെ അടിവശം സൗന്ദര്യവത്കരിച്ച് ഒരുക്കിയ 'വീ' പാര്‍ക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് ടൂറിസം മേഖലയില്‍ ഡിസൈന്‍ നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പാലങ്ങള്‍ക്കടിയിലുള്ള സ്ഥലം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള പൊതുഇടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ലഹരിയുടെ ഉപയോഗം പരിധി വരെ കുറക്കാന്‍ സാധിക്കും. സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുമായി കൈകോര്‍ത്ത് കേരളത്തിലെ നൂറിലധികം പാലങ്ങള്‍ക്കടിയിലെ സ്ഥലം ഇതുപോലെ ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉപയോഗശൂന്യമായി കിടക്കുന്ന ഇടങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊല്ലം നഗര ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വികസനത്തിന്റെ പ്രതിച്ഛായയായി വീ പാര്‍ക്ക് നിലനില്‍ക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.  
സംസ്ഥാനത്തെ മേല്‍പാലങ്ങളുടെ അടിഭാഗം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് കൊല്ലത്ത് യാഥാര്‍ഥ്യമായത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റോളം സ്ഥലത്ത് ഒരുക്കിയ വീ പാര്‍ക്കില്‍ വാക്കിങ് ട്രാക്കുകള്‍, കഫറ്റീരിയ, ബാഡ്മിന്റണ്‍-വോളിബോള്‍ കോര്‍ട്ടുകള്‍, ചെസ് ബ്ലോക്ക്, സ്‌കേറ്റിങ് ഏരിയ, ഓപ്പണ്‍ ജിം, യോഗ മെഡിറ്റേഷന്‍ സോണ്‍ ഇവന്റ് സ്പേസ്, ടോയ്ലറ്റ്, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ കേരള വിനോദസഞ്ചാര വകുപ്പ് രണ്ടുകോടി രൂപ ചിലവില്‍ നടപ്പാക്കിയ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്.
ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, വിനോദസഞ്ചാരവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിഷ്ണുരാജ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ്, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമീഷണര്‍ കിരണ്‍ നാരായണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സവാദ് എന്നിവര്‍ സംസാരിച്ചു.

date