Skip to main content

ജനപക്ഷത്ത് നിന്ന് പോലീസുകാർ കൃത്യനിർവഹണം നടത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച് ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്തു

 

 

പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പോലീസ്. അതിനാൽ ജനപക്ഷത്ത് നിന്ന് കൊണ്ടാവണം പോലീസുകാർ കൃത്യനിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തേവര മട്ടമ്മൽ ജംഗ്ഷന് സമീപം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച് ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറു മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണു മുഖ്യമന്ത്രി നിർവഹിച്ചത്. 

 

ചടങ്ങിൽ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. 

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊച്ചി സിറ്റി മട്ടാഞ്ചേരി പോലീസ് സ്റ്റേഷനുള്ള ഉപഹാരവും തിരുവനന്തപുരത്തു നടന്ന പൊതു പരിപാടിയിൽ മുഖ്യമന്ത്രി സമ്മാനിച്ചു.  

 

 

പോലീസിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മൊത്തം 36 പദ്ധതികൾ ആണെങ്കിലും രണ്ടു പദ്ധതികൾ അവയിൽ വളരെ പ്രധാനപ്പെട്ടതാണ്. എസ് ഓ സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എ ഐ അധിഷ്ഠിത സെക്യൂരിറ്റി ഓപ്പറേഷൻ സെൻ്റർ (എസ് ഓ സി ) നമ്മുടെ രാജ്യത്തു ആദ്യമായാണ് ഒരു സംസ്ഥാനത്ത് ആരംഭിക്കുന്നത്. പോലീസ് വകുപ്പിലെ കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് സൈബർ സുരക്ഷാ കവചം ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാരിൻ്റെ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ടെലിമാറ്റിക്സിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൈബർ ഭീഷണികളെയും സുരക്ഷ പിഴവുകളെയും മുൻകൂട്ടി കണ്ടെത്തുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനും പോലീസ് വകുപ്പിന്റെ എല്ലാ കമ്പ്യൂട്ടറുകളുടെയും നിരീക്ഷണം 24 മണിക്കൂറും ഉറപ്പാക്കുന്നതിനുമാണു എസ് ഒ സി രൂപീകരിച്ചിരിക്കുന്നത്.

 

ആദ്യഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെയും സിറ്റി പോലീസ് കമ്മീഷണറേറ്റ്, സബ് ഡിവിഷണൽ പോലീസ് ഓഫീസുകൾ, സിറ്റി പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളെയും അനുബന്ധ സംവിധാനങ്ങളെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഫലപ്രാപ്തി പരിശോധിച്ച ശേഷം ഈ വർഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

സൈബർ ഡിവിഷൻ നിലവിൽ വരുന്നതിന് മുമ്പ് തന്നെ സൈബർ തട്ടിപ്പുകൾ കൃത്യമായി അന്വേഷിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും ഉള്ള സംവിധാനം ഒരുക്കുന്നതിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്. സൈബർ കുറ്റാന്വേഷണ രംഗത്ത് അഭിമാനകരമായ പല നേട്ടങ്ങളും കേരള പോലീസ് കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തമായി ഡ്രോൺ ലാബും ആന്റി ഡ്രോൺ സംവിധാനങ്ങളും ഉള്ള രാജ്യത്തെ ഏക പോലീസ് സേനയാണ് സംസ്ഥാനത്തുള്ളത്. ഇപ്പോൾ ഈ സുരക്ഷാ കവചം കൂടി ഒരുക്കുന്നതിലൂടെ മറ്റൊരു പുതിയ മാതൃകയാണ് കേരള പോലീസ് മുന്നോട്ടുവയ്ക്കുന്നത്.

 

പൊതുജനങ്ങൾക്ക് ഉപകാരമാകുന്നതും രാജ്യത്തിന് ആദ്യം മാതൃകയാകുന്നതുമായ മറ്റൊരു പദ്ധതിക്ക് കൂടി കേരള പോലീസ് തുടക്കം കുറിക്കുകയാണ്. പോലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവിൽ വരു കയാണ്. ഇതിനായി ഓരോ പോലീസ് സ്റ്റേഷനിലും ക്യു ആർ കോഡ് പതിപ്പിക്കും. കോഡ് സ്കാൻ ചെയ്തു പൊതുജനങ്ങൾക്കു സേവനം തൃപ്തികരമാണോ അല്ലയോ എന്നു രേഖപ്പെടുത്താൻ സാധിക്കും. 

 

കേസ് രജിസ്റ്റർ ചെയ്തതിനുശേഷം രസീത് നൽകാതിരിക്കൽ, അപേക്ഷ സ്വീകരിക്കാതിരിക്കൽ, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി തുടങ്ങി എല്ലാ പരാതികളും ഇതിലൂടെ അറിയിക്കാൻ സാധിക്കും. വെബ്സൈറ്റിലും പോൽ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

'മൃദു ഭാവേ ദൃഢ കൃത്യേ' എന്ന പോലീസിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന പ്രവർത്തനമാണ് എല്ലാ പോലീസുകാരിൽ നിന്നും ഉണ്ടാകേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും പെരുമാറാൻ കഴിയണം. ആരുടെയും സമീപനം മറിച്ച് ആകരുത്. 

 

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനു വലിയ പരിഗണനയാണു സംസ്ഥാന സർക്കാർ നൽകുന്നത്. അവരുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിക്കണം. ഏതു പാതിരാത്രിയിലും പൊതു ജനങ്ങൾക്ക് ഭയരഹിതമായി പോലീസ് സ്റ്റേഷനുകളിൽ കയറി ചെല്ലാൻ കഴിയണം. യഥാർത്ഥ പ്രശ്നങ്ങളുമായി എത്തുന്നവർക്ക് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം എന്ന ആത്മവിശ്വാസത്തോടെ തിരികെ മടങ്ങാൻ സാധിക്കണം.

 

അടുത്തിടെയായി കേരളത്തിൽ കണ്ടുവരുന്ന കുറെ പ്രശ്നങ്ങൾ ഉണ്ട്. അത് പോലീസ് സേനയുടെ പരിധിക്ക് പുറത്തായ കാര്യങ്ങൾ കൂടിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വിവിധതരം കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. വലിയതോതിൽ ആളുകളെ പ്രയാസത്തിൽ ആക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് നടക്കുന്നത്. പോലീസിന്റെ അനുഭവം കൂടി പരിഗണിച്ച് അത്തരം സംഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൻ്റെ കൂടുതൽ വശങ്ങളിലേക്ക് പോകേണ്ടതുണ്ട്. വിശദമായ പഠനം ചില പ്രത്യേക കേസുകളും മുൻനിർത്തി നടത്താൻ സാധിക്കണം.

 ഇത്തരത്തിലുള്ള സംഭവങ്ങളിലേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത്, എന്താണ് പൊതുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്നിവ പരിശോധിക്കണം. വളർന്നുവരുന്ന തലമുറ സാധാരണഗതിയിലുള്ള മൂല്യങ്ങളിൽ അടിയുറച്ച് വളർന്നു വരാൻ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നത് ശ്രദ്ധിക്കണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടക്കം ഇതുമായി ബന്ധപ്പെട്ട മൂല്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള പരിഷ്കരണങ്ങൾ ആവശ്യമാണോ എന്ന് പരിശോധിക്കണം.

 

പോലീസിന്റെ മാത്രം ചുമതലയുള്ള കാര്യമല്ല ഇത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ സമൂഹത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വിദഗ്ധരുമായുള്ള ചർച്ചയും ആശയവിനിമയവും നടത്തണം. ഇത്തരം കാര്യങ്ങൾ തയ്യാറാക്കുന്നതിന് പോലീസ് മുൻകൈ എടുക്കണം.

 

സംസ്ഥാനത്തെ പോലീസ് സേനയുടെ രീതി പരിശോധിച്ചാൽ ഗുണപരമായ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാർ ഇന്ന് സേനയിൽ ഉണ്ട്. അവരുടെ കഴിവുകൾ സേനയുടെയും നാടിന്റെയും വളർച്ചക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തണം. 

 

ഏത് സ്ഥാനക്കാരായാലും പോലീസുകാർ ആത്യന്തികമായി ജനങ്ങളെ സേവിക്കാൻ ഉള്ളവരാണ് എന്ന് ഓർമ്മയുണ്ടാവണം. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ് . സേനയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

 

 

പൂർത്തിയാക്കിയ 30 കെട്ടിടങ്ങളുടെ കൂട്ടത്തിൽ മൂന്നു വനിതാ സൈബർ പോലീസ് സ്റ്റേഷനുകൾ, എട്ട് പോലീസ് സ്റ്റേഷനുകൾ, മൂന്ന് ക്യാമ്പ് ഓഫീസുകൾ, രണ്ട് കൺട്രോൾ റൂമുകൾ, കമ്പ്യൂട്ടറിൽ ലാബുകൾ, ഫുട്ബോൾ ടർഫ്, ജില്ലാ പരിശീലന കേന്ദ്രം, കസ്റ്റഡി ഫെസിലിറ്റേഷൻ സെൻ്റർ, ക്വാർട്ടേഴ്സുകൾ, കുട്ടികളുടെ ക്രഷ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം മുണ്ടക്കയം കല്ലടിക്കോട് പോലീസ് സ്റ്റേഷൻ, ആലപ്പുഴ നോർത്ത് ചേർത്തല എന്നിവിടങ്ങളിൽ ലോവർ സബോഡിനേറ്റ് ക്വാർട്ടേഴ്സുകൾ, ഒറ്റപ്പാലത്ത് ക്വാർട്ടേഴ്സുകൾ കെഎപി അഞ്ചാം ബെറ്റാലിയനിൽ കെന്നൽ എന്നിവയുടെ ശിലാസ്ഥാപനം എന്നിവയാണ് നിർവഹിച്ചിരിക്കുന്നത്. 

 

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ പുതിയ കെട്ടിടവച്ച് നടന്ന പരിപാടിയിൽ വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് ശിലാ ഫലകം അനാച്ഛാദനം, നാട മുറിക്കൽ എന്നിവ നിർവഹിച്ചു. 

 

കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാം പുതിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലൂടെ സാധ്യമാകട്ടെ എന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. 

 

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിനായി സ്ഥലം സൗജന്യമായി നൽകിയത് കോഴഞ്ചേരിക്കാരനായ ഡോ.കോശി വി ജോൺ ആണ്. അദ്ദേഹം മരണപ്പെട്ടത് മൂലം സഹോദരൻ തോമസ് വി ജോണിനെ ചടങ്ങിൽ മന്ത്രി പി രാജീവ് പൊന്നാടയണയിച്ച് ആദരിച്ചു. കൂടാതെ ഓഫീസിനായി മുൻകൈയെടുത്തു പ്രവർത്തിച്ച ബാബുലൻ മണി (എസ് ഐ, റിട്ടയേഡ് ), ബിൽഡിംഗ് കോൺട്രാക്ടർ ഫ്രാൻസിസ്, സിൽക്ക് കൺസ്ട്രക്ഷൻസ് പ്രൊജക്റ്റ് മാനേജർ ഡേവിഡ് എം കൊറയ എന്നിവരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

 

ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഇൻറലിജൻസ് അഡീഷണൽ ഡയറക്ടർ പി വിജയൻ, കൊച്ചി സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ& കമ്മീഷണർ ഓഫ് പോലീസ് പുട്ട വിമലാദിത്യ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കേരള പോലീസ് ഓഫീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, കേരള പോലീസ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം എം അജിത് കുമാർ, എറണാകുളം റെഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സി എസ് ഷാഹുൽ ഹമീദ്, വാർഡ് കൗൺസിലർ ബെൻസി ബെന്നി, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date