Skip to main content

ഉറവിട മാലിന്യ സംസ്കരണം: ചോറ്റാനിക്കരയിൽ ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു. 

 

പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത ഒമ്പത് ഗുണഭോക്താക്കൾക്കാണ് സബ്സിഡി നിരക്കിൽ ആദ്യഘട്ടത്തിൽ പ്ലാന്റുകൾ നൽകിയത്. രണ്ടര മുതൽ ഏഴര കിലോഗ്രാം ജൈവമാലിന്യം പ്രതിദിനം സംസ്കരിക്കാവുന്ന പ്ലാന്റുകളാണ് വിതരണം ചെയ്തത്. 

 

ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യ സംസ്കരണ സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. വീടുകളിലെ മാലിന്യനിർമാർജനം സാധ്യമാകുന്നത് കൂടാതെ പുകയും ദുർഗന്ധവും ഇല്ലാതെ അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കാനും സാധിക്കുന്നു എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പഞ്ചായത്തിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് പ്ലാന്റുകൾ വിതരണം ചെയ്തത്.

 

ചടങ്ങിൽ വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി. വി പൗലോസ്, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date