Skip to main content

വനിതാ ദിനത്തിൽ ചരിത്ര മുന്നേറ്റം, എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

* 95 സർക്കാർ വകുപ്പുകളിൽ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ

കാൽ ലക്ഷത്തോളം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായിപോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചത്. ആ ഘട്ടത്തിൽ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. എന്നാൽ പരമാവധി സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. കാൽ ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് പരിശ്രമിക്കുന്നത്. സംസ്ഥാനത്തെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ഐടി പാർക്കുകൾസ്വകാര്യ സ്ഥാപനങ്ങൾപൊതുമേഖലാ സ്ഥാപനങ്ങൾവ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

നവ കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണ് നാം പരിശ്രമിക്കുന്നത്. പുതിയ കേരളം സ്ത്രീപക്ഷ കേരളമാണ്സ്ത്രീ സൗഹൃദ കേരളമാണ്. വനിതാ നയം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുംവിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ സംബന്ധിച്ചുംവിദ്യാഭ്യാസപരമായും തൊഴിൽപരമായും ആവശ്യമായ പിന്തുണകൾ നൽകുന്നതിന് വേണ്ടിയിട്ടുള്ള പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കില്ലിംഗ്റീ സ്‌കില്ലിംഗ്അപ് സ്‌കില്ലിംഗ് പ്രോഗ്രാമുകൾതൊഴിലിടങ്ങളിൽ ക്രഷ് സംവിധാനം എന്നിവ നടപ്പാക്കി. ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായും വിധവകളുടെ മക്കൾക്ക് ഉന്നത പഠനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ് 1046/2025

date