Skip to main content

ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

 

-ജില്ലയുടെ ഔദ്യോഗിക ജീവി, ജില്ലാ വൃക്ഷം, ജില്ലാ ജലജീവി, ജില്ലാ പക്ഷി, ജില്ലാ പുഷ്പം, ജില്ലാ ചിത്രശലഭം എന്നിവ നിർദേശിക്കാം

-നിർദേശങ്ങൾ bmckkddistrict@gmail. com.ലേക്ക്  അയക്കാം

കൃത്യമായ പരിശോധനകളിലൂടെയും ശാസ്ത്രീയ കണ്ടെത്തലുകളിലൂടെയും ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. 

ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായാണ് ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

ജില്ലയുടേതായ ഔദ്യോഗിക ജീവി, ജില്ലാ വൃക്ഷം, ജില്ലാ ജലജീവി, ജില്ലാ പക്ഷി ജില്ലാ പുഷ്പം, ജില്ലാ ചിത്രശലഭം എന്നിങ്ങനെ 6 വിഭാഗങ്ങളിലായാണ് പ്രഖ്യാപനം നടത്താൻ ഒരുങ്ങുന്നത്. 

ജില്ലയുടേതായ പ്രത്യേകതകൾ കണ്ടെത്തി പ്രഖ്യാപിക്കുന്നതിലൂടെ വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളെ സംരക്ഷിക്കുക എന്നതു കൂടി ലക്ഷ്യമിടുന്നു. 

ഓരോ പ്രദേശത്തെയും വിവിധ ആവാസ വ്യവസ്ഥകൾ, പരമ്പരാഗത ഇനങ്ങൾ, അറിവുകൾ, സംരക്ഷണ പ്രദേശങ്ങൾ, ജൈവ വിഭവങ്ങൾ എന്നിവയെല്ലാം ഇതിലൂടെ രേഖപ്പെടുത്തപ്പെടും. 

ജില്ലയുടെ സമ്പന്നമായ ജൈവവൈവിധ്യത്തിനും പ്രകൃതി പൈതൃകത്തിനും തെളിവാകുന്ന രേഖയായിരിക്കും ഈ കണ്ടെത്തൽ. 

ശുദ്ധവായു, ശുദ്ധജലം, സുരക്ഷിത ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ പ്രകൃതിയും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന്റെ കൂടി ഭാഗമായാണ് ജില്ലാ പഞ്ചായത്തും ജൈവ വൈവിധ്യ പരിപാലന സമിതികളും കൂട്ടായ പ്രവർത്തനം ആരംഭിക്കുന്നത്. 

ഇതിന്റെ ആദ്യഘട്ടമായി ശാസ്ത്ര സമൂഹത്തിന്റെയും പ്രദേശവാസികളുടെയും സഹായവും തേടാൻ ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി തീരുമാനിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളും ജൈവ വിഭവങ്ങളെക്കുറിച്ചുള്ള അറിവുകളും തങ്ങളുടെ അഭിപ്രായങ്ങളും ആളുകൾക്ക് രേഖപ്പെടുത്താവുന്നതാണ്. നിർദ്ദിഷ്ട മേഖലയിൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞ ആറ് വിഭാഗങ്ങളിലേക്കുള്ള നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടതാണ്.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ജൈവ വിഭവങ്ങളുടെ പ്രഖ്യാപനം നടത്തുക. പൊതുനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 20 ആണ്. നിർദ്ദേശങ്ങൾ ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി ഇ മെയിലിലേക്ക് (bmckkddistrict@gmail. com.) അയക്കാവുന്നതാണെന്ന് ജില്ലാ കോഡിനേറ്റർ ഡോ. കെ.പി മഞ്ജു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9656530675 എന്ന നമ്പറിൽ ബന്ധപ്പെടണം.

date