Skip to main content

ജീവനി സെൽ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജീവനി സെല്ലിന്റെ ഭാഗമായി മഹാരാജാസ് കോളേജിൽ അധ്യാപകർക്കായി വിദ്യാർത്ഥികളെ അറിയുക ( know your students) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എസ് എസ് വിനോദ് ക്ലാസിന് നേതൃത്വം നൽകി.

 

കോളേജ് വിദ്യാർത്ഥികളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുക, മാനസിക പ്രശ്‌നങ്ങൾ നേരത്തേ തിരിച്ചറിയുക, ലഹരി ഉപയോഗങ്ങൾ തിരിച്ചറിയുക, ശാസ്ത്രീയമായ പരിഹാരം മാർഗങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജീവനി പദ്ധതി ക്യാമ്പസിൽ നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ മനോസംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയ ജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് പ്രാപ്തരാക്കാൻ 2019 മുതൽ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.  

 

കലാലയത്തിൽ എത്തുന്ന വിദ്യാർത്ഥികളിൽ പ്രകടമാകുന്ന മാനസിക പ്രശ്നങ്ങൾ തിരിച്ചറിയുക, അവയ്ക്ക് എന്ത് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകരെ കൂടുതൽ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് കോളേജിൽ അധ്യാപകർക്കായി ക്ലാസ് സംഘടിപ്പിച്ചത്.

 

മഹാരാജാസ് കോളേജ് ജെ എൻ ആർ ഹാളിൽ നടന്ന പരിപാടിയിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും ജീവനി കോർഡിനേറ്ററുമായ ഡോ കെ ജി മഞ്ജുഷ, ജീവനി സെൽ കോളേജ് സൈക്കോളജിസ്റ്റ് പി എസ് ലക്ഷ്മി, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date