യുവജന കമ്മീഷന്‍ മെഗാ അദാലത്ത്; 26 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി.കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 41 പരാതികളാണ് പരിഗണിച്ചത്. 15 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 7 പരാതികള്‍ ലഭിച്ചു.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്റ് മെന്റെല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നാഷണല്‍ യൂത്ത് സെമിനാര്‍ സംഘടിപ്പിച്ചതായും യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 18 ന് കോട്ടയം മാന്നാനം കെ. ഇ. കോളേജില്‍ വെച്ച് തൊഴില്‍ മേള സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി. എസ്. സി നിയമനം, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, കോളേജിലെ ഇന്റേണല്‍ മാര്‍ക്കിലെ അപാകത, വിദ്യാഭ്യാസ സ്ഥാപങ്ങളിലെ മാനസികപീഡനം, വിസതട്ടിപ്പ്, തൊഴില്‍തട്ടിപ്പ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള കാലതാമസം, തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
യുവജന കമ്മീഷന്‍ അംഗങ്ങളായ അബേഷ് അലോഷ്യസ്, പി.സി വിജിത , പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സെന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments